വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം; പ്രതികൾ അറസ്റ്റിൽ
പാരിപ്പള്ളി:ഇരുപത്തിയെട്ടാം ഓണാഘോഷത്തിനായി പിരിവ് നൽകാത്ത വിരോധം നിമിത്തം യുവാവിനെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾ പാരിപ്പള്ളി പോലീസിന്റെ പിടിയിലായി. പാരിപ്പള്ളി പുലിക്കുഴി സ്വദേശികളായ ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ മകൻ ഷിജു (27), കരിഞ്ഞനംകോട് മേലതിൽ വീട്ടിൽ സുരേന്ദ്രൻ മകൻ സുധീഷ് (26), ചരുവിള പുത്തൻവീട്ടിൽ അനിൽകുമാർ മകൻ വിജിത്ത്(23), ചരുവിള പുത്തൻവീട്ടിൽ മണികണ്ഠൻ മകൻ മഹേഷ് (27), ബിന്ദു ഭവനിൽ വിശ്വംഭരൻ മകൻ വിജു(39) എന്നിവരാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പാരിപ്പള്ളി വേളമാനൂർ വയലിൽ പുത്തൻ വീട്ടിൽ വിശാഖിനേയും കുടുംബത്തേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്. ചൊവ്വാഴ്ച രാത്രി 09.00 മണിയോടെ ഷിജു, സുധീഷ്, വിജിത്ത് എന്നിവർ ചേർന്ന് വിശാഖിന്റെ വീട്ടിലെത്തി ഇരുപത്തിയെട്ടാം ഓണാഘോഷം സംഘടിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ ചീത്ത വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളേയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് ഇവർ ചേർന്ന് വിശാഖിനെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി സോഡാമുക്ക് ജംഗ്ഷനിൽ എത്തിച്ച ശേഷം പതിനഞ്ചോളം പേർ വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി വിശാഖിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിശാഖിന്റെ പരാതിയിൽ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം ആക്രമി സംഘത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസ്സാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രകാശ്, അഖിലേഷ്, എസ്.സി.പി.ഓ മാരായ മനോജ്‌നാഥ്, സബിത്ത് സി.പി.ഓ മാരായ രഞ്ജിത്ത് അജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ്് പ്രതികളെ പിടികൂടിയത്.





