ഐ.ടി.ഐ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം അകാരണമായി വൈകിപ്പിക്കുന്നതായി പരാതി
തിരുവനന്തപുരം:സംസ്ഥാനത്തെ വ്യാവസായികപരിശീലന വകുപ്പിലെ ജീവനക്കാരുടെ 2025 വർഷത്തെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അധ്യാപകവിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പിലാക്കിയിട്ടില്ല.ഓൺലൈൻ മുഖേന അപേക്ഷക്ഷണിച്ച് സ്പാർക്ക് ജനറേറ്റഡ് കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മൂന്ന് മാസങ്ങൾ പൂർത്തിയായിട്ടും അന്തിമപട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.സംസ്ഥാനത്തെ നോൺ വെക്കേഷൻ സ്ഥാപനങ്ങളിലെ പൊതുസ്ഥലം മാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കണം എന്ന ചട്ടം നിലനിൽക്കേ മാർച്ച് മാസം അപേക്ഷ ക്ഷണിച്ച് അഞ്ച് മാസത്തോളമായിട്ടും വകുപ്പിൽ സ്ഥലമാറ്റ നടപടികൾ പൂർണമായും നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല.കോടതി വ്യവഹാരങ്ങളിലൂടെ വകുപ്പിൽ ഓൺലൈനായി സ്ഥലമാറ്റം നടപ്പിലാക്കിയത് അദ്ധ്യാപക വിഭാഗം ജീവനക്കാരുടെ സംഘടനയായ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെൻറ് ഇൻസ്ട്രക്ടേഴ്സ് ഓർഗനൈസേഷൻ (ITDIO) യുടെ ഇടപെടലിലൂടെയാണ്.വകുപ്പിലെ മറ്റെല്ലാ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റം പൂർത്തിയാക്കിയിട്ടും സുപ്രധാന തസ്തികയായ ഇൻസ്ട്രക്ടർമാരുടെ സ്ഥലംമാറ്റം നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് കോടതി വിധിയിലൂടെ വകുപ്പിൽ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കിയതിലുള്ള അമർഷമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.2024 ലെ പൊതുസ്ഥലംമാറ്റം പൂർത്തിയാക്കിയത് ഡിസംബർ 31 ആണെന്ന വസ്തുത ഈ ആരോപണത്തിന് ആക്കം കൂട്ടുന്നു.
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പുതിയ അധ്യയന വർഷം തുടങ്ങി രണ്ടുമാസത്തിലേറെയായിട്ടും പൊതു സ്ഥലംമാറ്റനടപടികൾ പൂർത്തിയാക്കാത്തത് വകുപ്പിലെ അധ്യാപക വിഭാഗം ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.കരട് പട്ടികയിൽ പേര് വന്നതിനാൽ പലരും താമസസ്ഥലവും മറ്റും ക്രമീകരിച്ച് വാടക നൽകിവരികയാണ്.അനാരോഗ്യകരമായ ഇടപെടലുകൾക്ക് വേണ്ടിയാണ് ഇൻസ്ട്രക്ടർ വിഭാഗം ജീവനക്കാരുടെ ഓൺലൈൻ സ്ഥലമാറ്റം നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം.194 പേർ ഉൾപ്പെട്ടിട്ടുള്ള കരട്ലിസ്റ്റ് ഇറങ്ങി മൂന്നു മാസം കഴിഞ്ഞിട്ടും അന്തിമ ഉത്തവ് ഇറങ്ങാത്തതിൽ പ്രതിഷേധിച്ച് ഐ.ടി.ഐ അധ്യാപക സംഘടനയായ ഐ.ടി.ഡി.ഐ.ഒ പ്രത്യക്ഷസമരത്തിനുള്ള തയ്യാറെടുപ്പിലാണ്.





