സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സിപിഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫിന് നേതൃത്വം നല്‍കാന്‍ സിപിഎമ്മിന് അര്‍ഹതിയില്ലെന്ന് തിരിച്ചറിയണമെന്നും മുന്നണി വിട്ട് പുറത്തുവരാന്‍ തയ്യാറാകണമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട സമയമായി.
കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള സിപിഎം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഎം അണികള്‍ തീരുമാനിച്ചത്. നേതാക്കള്‍ പകര്‍ന്ന് നല്‍കിയ അന്ധമായ കോണ്‍ഗ്രസ് വിരോധവും സ്വന്തം നേതാക്കള്‍ക്ക് ബിജെപി നേതാക്കളോടുളള അടുപ്പവും സിപിഎം അണികളെ ബിജെപിയിലേക്ക് അടുപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടി എംവി ഗോവിന്ദനും കാട്ടണമെന്നും ഹസന്‍ പറഞ്ഞു.
മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരില്‍ നിന്ന് തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. സിപിഎം നേതൃത്വത്തിന്റെ ക്രിമിനല്‍,ക്വട്ടേഷന്‍,മാഫിയ ബന്ധങ്ങളുടെ ഉള്ളറകളെ സംബന്ധിച്ച തുറന്ന് പറച്ചിലാണ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനുതോമസ് നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി യുഡിഎഫ് ഇക്കാര്യം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മനുതോമസിന്റെ ആരോപണത്തിലൂടെ അതിന്റെ ഭീകരത പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് മുതല്‍ സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണ്. അത് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനുതോമസ് തന്റെ ആരോപണത്തിലൂടെയെന്നും എംഎം ഹസ്സന്‍ ചൂണ്ടിക്കാട്ടി.
സിപിഎം നേതാക്കളുടെ ക്രിമിനല്‍ ബന്ധത്തിനും മാഫിയാ,ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മൗനാനുവാദം നല്‍കിയത് മുഖ്യമന്ത്രിയാണ്. സ്വന്തം മകളുടെ മാസപ്പടിയും മറ്റുആരോപണങ്ങളെയും മറച്ചുപിടിക്കാന്‍ അദ്ദേഹം കാട്ടിയ അമിത താല്‍പ്പര്യം കമ്യൂണിസ്റ്റ് ആശയങ്ങളെ ബലികളിപ്പിച്ച് വഴിവിട്ടമാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ സിപിഎമ്മിന്റെ മറ്റുനേതാക്കള്‍ക്കും പ്രചോദനമായി. പ്രകാശ് ജാവേദക്കറുമായി ചേര്‍ന്ന് സംഘപരിവാര്‍ ശക്തികളുമായി രഹസ്യകൂടിക്കാഴ്ചയ്ക്കും രാഷ്ട്രീയ ബാന്ധവത്തിനും എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ തുനിഞ്ഞത് അതിന് ഉദാഹരണം. ‘എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് സിപിഎമ്മിന്റെ കാര്യത്തില്‍ ഇപ്പോള്‍ അര്‍ത്ഥവത്തായെന്നും എംഎം ഹസന്‍ പരിഹസിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.