കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്.
ആശുപത്രിയുടെ പിന്‍വാതിലിലൂടെയാണ് ദിവ്യയെ നേരത്തെ വൈദ്യപരിശോധനക്ക് എത്തിച്ചത്. കനത്ത പൊലീസ് കാവലില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ശേഷം മുന്‍വാതിലിലൂ?ടെ പുറത്ത് വന്നു. പൊലീസ് വാഹനത്തില്‍ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി.
കണ്ണപുരത്തുവച്ചാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എഡിഎം നവീന്‍ ബാബു മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്. അതേസമയം, പൊലീസിനും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്ത് വച്ച് ദിവ്യ കീഴടങ്ങിയതെന്നാണ് വിവരം. ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ദിവ്യയുടെ കീഴടങ്ങല്‍ ധാരണപ്രകാരം; ഉരുണ്ടുകളിച്ച് പൊലീസ്; ‘കരുതല്‍ കസ്റ്റഡി’
കോടതി ഉത്തരവില്‍ പൊലീസിനെ പല തവണ അഭിനന്ദിച്ചിട്ടുണ്ട്. ഇക്കാര്യം വായിച്ചു നോക്കൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.