റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കുക ഡി രാജ

റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കുക

ഡി രാജ

1949 നവംബർ 25ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഓഫ് ഇന്ത്യയുടെ സമ്മേളനത്തിൽ ഭരണഘടനയുടെ മുഖ്യശില്പിയായ ബി ആർ അംബേദ്കർ നടത്തിയ പ്രസംഗമുണ്ട്. “1950 ജനുവരി 26ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകും, അതായത് അന്നുമുതൽ ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടിയുള്ള ജനങ്ങളുടെ ഒരു സർക്കാർ ഉണ്ടാകും. അതിന്റെ ജനാധിപത്യ ഭരണഘടനയ്ക്ക് എന്താണ് സംഭവിക്കുക, അത് നിലനിർത്താനാകുമോ, അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകുമോ” എന്ന് അതിൽ അദ്ദേഹം ചോദിക്കുന്നുണ്ട്. ഇപ്പോൾ നമ്മുടെ ഭരണഘടനയും അതിന്റെ അടിസ്ഥാനമൂല്യങ്ങളും ക്ഷേമരാഷ്ട്ര സങ്കല്പവും ഫെഡറലിസവും ഭീഷണി നേരിടുമ്പോൾ അംബേദ്കർ അന്നുന്നയിച്ച ഭയാശങ്കകൾ ജനമനസിൽ പ്രതിധ്വനിക്കുന്നുണ്ട്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ നാം അതിന്റെ 75 വർഷം പൂർത്തിയാക്കുകയാണ്. അതോടൊപ്പം സിപിഐ രൂപീകരണത്തിന്റെ നൂറ് വർഷത്തിലേക്ക് കടക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ പൈതൃകവും അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്, ഒരു രാഷ്ട്രമെന്ന നിലയിലും പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയിലും ആഴത്തിൽ ചിന്തിക്കേണ്ട സന്ദർഭമാണിത്. റിപ്പബ്ലിക്കിനെ നിർവചിക്കുകയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാനതത്വങ്ങൾ ഗുരുതരമായ ഭീഷണികൾ നേരിടുന്ന വഴിത്തിരിവിലെത്തി നിൽക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് മുന്നണിയിലുള്ള പാർട്ടിയാണ് സിപിഐ. സ്വാതന്ത്ര്യ പ്രക്ഷോഭം മുതൽ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ഘട്ടംവരെ രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പാർശ്വവൽകൃത വിഭാഗങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള അവിശ്രമ യത്നത്തിലായിരുന്നു പാർട്ടി.

നാം മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതായിരുന്നു രാജ്യത്തിന്റെ ഭരണഘടന. അതുകൊണ്ടുതന്നെ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യ കോളനിവാഴ്ചയിൽ നിന്ന് മോചിപ്പിക്കപ്പെട്ടാൽ മാത്രം പോരെന്നും ജാതി, വർഗം, മതപരമായ അടിച്ചമർത്തലുകൾ എന്നീ ബന്ധനങ്ങളിൽ നിന്നും പുറത്തുകടക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത് സിപിഐ ആയിരുന്നു. എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയും ഒരു പ്രത്യേക മതവും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ ആധിപത്യം പുലർത്തുന്നില്ലെന്നും ഉറപ്പാക്കുന്ന മതേതര രാഷ്ട്രത്തിനുവേണ്ടിയാണ് സിപിഐ വാദിച്ചത്. ഇതേ കാഴ്ചപ്പാട് തന്നെയാണ് ഡോ. ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്രു, മൗലാന ആസാദ് തുടങ്ങിയവരും വച്ചുപുലർത്തിയത്. പൗരോഹിത്യ രാജ്യവും സംസ്ഥാനങ്ങളുമെന്ന കാഴ്ചപ്പാട് ഡോ. അംബേദ്കർ പൂർണമായും നിരാകരിച്ചു. ഹിന്ദു രാഷ്ട്രമാണ് യാഥാർത്ഥ്യമാകുന്നതെങ്കിൽ അത് വലിയ ദുരന്തമായിരിക്കുമെന്നതിൽ സംശയമില്ലെന്നാണ് അദ്ദേഹം എഴുതിയത്.
സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകളിലെ പ്രധാനഘടകങ്ങളിൽ മറ്റൊന്നായിരുന്നു സോഷ്യലിസം. സാമൂഹ്യനീതി, വിഭവങ്ങളുടെ തുല്യവിതരണം, തൊഴിലെടുക്കുന്നവരുടെ സംരക്ഷണം എന്നിവയ്ക്കുവേണ്ടി വാദിച്ചുകൊണ്ട് ഭരണഘടനാ രൂപീകരണത്തിൽ സിപിഐ നിർണായക സ്വാധീനം ചെലുത്തി. വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വങ്ങൾ ഇല്ലാതാക്കുന്നതിന് ആവശ്യപ്പെടുന്ന നിർദേശക തത്വങ്ങൾ, സോഷ്യലിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടതായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല സാമൂഹ്യനീതിയും സാമ്പത്തിക സ്വാതന്ത്ര്യവുമായിരുന്നു ഇതിലൂടെ ലക്ഷ്യം വച്ചത്. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യങ്ങൾ പരിഗണിച്ചാണ് ഭരണഘടനാ നിർമ്മാതാക്കൾ ഫെഡറൽ തത്വങ്ങൾ അവതരിപ്പിച്ചത്. അങ്ങനെ മതേതരത്വം, ക്ഷേമസങ്കല്പം, ഫെഡറലിസം എന്നീ തത്വങ്ങൾ ഇഴചേർക്കപ്പെട്ടു. എന്നാൽ ഇന്ന് ചുറ്റും നോക്കുമ്പോൾ, ഈ തത്വങ്ങൾ വലിയ ഭീഷണി നേരിടുന്നതായി കാണാവുന്നതാണ്.
മതേതര രാഷ്ട്രത്തിനായുള്ള ചട്ടക്കൂടാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ നിന്നുള്ള ഭയപ്പെടുത്തുന്ന വ്യതിയാനത്തിനാണ് നാം സാക്ഷികളാകുന്നത്. രാഷ്ട്രീയ അധികാരശക്തികൾ ഒരു മതത്തെ ഇതര മതങ്ങൾക്ക് മുകളിലാക്കുന്നതും ഭൂരിപക്ഷ മതവാദത്തിന്റെ വളർച്ചയുമാണ് റിപ്പബ്ലിക് നേരിടുന്ന ഏറ്റവും കടുത്ത ഭീഷണി. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി മതത്തെ ഒരു ഉപകരണമാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളുടെ സ്വാധീനം വർധിച്ചുവരുന്നത് പലപ്പോഴും മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വെറുപ്പും, മതഭ്രാന്തും, അക്രമവും വ്യാപിക്കുന്നതിലേക്ക് നയിക്കുന്നു. നമ്മൾ, അവർ എന്നീ ആഖ്യാനങ്ങൾ വ്യാപകമായി. തെരഞ്ഞെടുപ്പ് പ്രക്രിയ വർഗീയവൽക്കരിക്കപ്പെട്ടാൽ, ന്യൂനപക്ഷ സമൂഹങ്ങൾ ഇല്ലാതാക്കപ്പെട്ടേക്കാമെന്ന് ഡോ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. അവർക്ക് വിവേചനം നേരിടേണ്ടിവരുമെന്നും നിയമത്തിന് മുന്നിലെ തുല്യതയും പൊതുസമൂഹത്തിലെ അവസര സമത്വവും നിഷേധിക്കപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറയുകയുണ്ടായി.

സമീപകാലത്ത്, ഗോമാംസത്തിന്റെയും ഭക്ഷണശീലത്തിന്റെയും പേരിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന ഭയാനകമായ ആൾക്കൂട്ട കൊലപാതകങ്ങൾ സൂചിപ്പിക്കുന്നത് അവർ കടുത്ത വിവേചനത്തിന് വിധേയരാകുന്നു എന്നുതന്നെയാണ്. അതിന്റെ മറ്റൊരു ഉദാഹരണമാണ് 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിന്റെ തുടർച്ചയായ ലംഘനം. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം മതസ്ഥാപനങ്ങളുടെ തൽസ്ഥിതി നിലനിർത്തുന്നതിനും പഴയ മുറിവുകൾ വീണ്ടുമുണ്ടാക്കുന്നത് തടയുന്നതിനുമായിരുന്നു പ്രസ്തുത നിയമം കൊണ്ടുവന്നത്. ആരാധനാലയങ്ങൾ സംബന്ധിച്ച തർക്കങ്ങൾ ആവർത്തിക്കുന്നത് തടയുന്നതായിരുന്നു ല­ക്ഷ്യംവച്ചത്. എന്നാൽ ഇന്ന് ചില സംഘടനകൾ ഈ നിയമത്തെ പരസ്യമായി അവഗണിക്കുകയാണ്. റിപ്പബ്ലിക് നേരിടുന്ന മറ്റൊരു വെല്ലവിളി സാമ്പത്തിക അസമത്വമാണ്. ക്ഷേമരാഷ്ട്രമെന്ന കാഴ്ചപ്പാട് ഭരണഘടനയിൽ ഉൾക്കൊള്ളിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി ഉറപ്പുവരുത്തുന്നതിനായിരുന്നു. സമ്പത്തിന്റെ സമമായ വിഭജനം, ചൂഷണഘടന ഇല്ലാതാക്കൽ, പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഉയർത്തിക്കൊണ്ടുവരിക എന്നിവയാണ് വിഭാവനം ചെയ്തത്. എന്നാൽ ഇന്ന് ജനസംഖ്യയിലെ വലിയ വിഭാഗം പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിത്താഴുമ്പോഴും സമ്പത്ത് ചെറിയൊരു വിഭാഗത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുകയാണ്. അസമത്വം വർഗതാല്പര്യങ്ങൾക്കുപരിയായി മത സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ദരിദ്രർ പരസ്പരം മത്സരിക്കുന്നതിന് ഇടയാക്കി, സാമുദായിക രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്യുന്നു.

ഭാവി റിപ്പബ്ലിക്കിനായുള്ള രൂപരേഖ തയ്യാറാക്കിയപ്പോൾ, ഭരണനയത്തിന്റെ നിർദേശക തത്വങ്ങളായത് സോഷ്യലിസ്റ്റ് രീതിയിൽ സമഗ്ര വികസനത്തിനുള്ള വ്യവസ്ഥകളായിരുന്നു. എല്ലാവർക്കും ഉപജീവനമാർഗം നൽകി, വരുമാനത്തിലും പദവിയിലുമുള്ള അസമത്വങ്ങൾ കുറയ്ക്കുകയെന്ന ഉത്തരവാദിത്തം പൂർണമായും സംസ്ഥാനത്തിനായിരുന്നു. എന്നാൽ നിലവിലുള്ള സർക്കാരിന്റെ പൊതു ആസ്തികൾ സ്വകാര്യവൽക്കരിക്കൽ, തൊഴിൽ അവകാശങ്ങൾ ദുർബലപ്പെടുത്തൽ, കോർപറേറ്റ് അനുകൂല അജണ്ട തുടങ്ങിയ നയങ്ങൾ ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നു. വിഭവങ്ങളുടെ കൂടുതൽ തുല്യതയാർന്ന വിഭജനമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചുകൊണ്ട് സിപിഐ എക്കാലവും ഈ നയങ്ങൾക്കെതിരെയാണ് നിലകൊണ്ടത്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകൾക്കും ബഹുസ്വര ഘടനയ്ക്കും കൂടുതൽ ഭീഷണികൾ ഉയർത്തി ബിജെപി-ആർഎസ്എസ് ഭരണത്തിനുകീഴിൽ ഫെഡറൽ സംവിധാനവും വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഭരണഘടനയുടെ അനുച്ഛേദം ഒന്ന്, ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാന വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തിയും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താൻ ഗവർണർമാരെ ദുരുപയോഗം ചെയ്തും കേന്ദ്രീകൃതമനോഭാവം പ്രകടമാക്കുകയും ഫെഡറൽ സത്ത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ വിവേചനവും അവഗണനയും സമ്മർദങ്ങളും നേരിടുന്നു.
ഈ റിപ്പബ്ലിക് ദിനത്തിൽ, ഭരണഘടനാ അസംബ്ലിയിലെ തന്റെ അവസാന പ്രസംഗത്തിൽ ഡോ. ബി ആർ അംബേദ്കറുടെ പ്രവചന സമാനമായ വാചകങ്ങൾ നാം ഓർമ്മിക്കണം, “ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കാൻ ഏല്പിക്കപ്പെടുന്നവർ മോശക്കാരാണെങ്കിൽ തീർച്ചയായും മോശമായിത്തീരും.” ഭരണഘടനയുടെ നിലനില്പ് അതിന്റെ വ്യവസ്ഥകളുടെ ഗുണനിലവാരത്തെ മാത്രമല്ല, അതിന്റെ ആത്മാവ് ഉയർത്തിപ്പിടിക്കാനുള്ള ജനങ്ങളുടെയും നേതാക്കളുടെയും പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് അംബേദ്കർ ഊന്നിപ്പറഞ്ഞത്.

വലതുപക്ഷം, വർഗീയ ഫാസിസം, ചങ്ങാത്ത മുതലാളിത്തം എന്നീ ശക്തികൾ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളായ മതേതരത്വം, ക്ഷേമസങ്കല്പം, ഫെഡറൽ തത്വങ്ങൾ എന്നിവ ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്നതിന്റെ പ്രതിസന്ധികളാണ് ഇന്ന് നാം നേരിടുന്നത്. ഈ ശക്തികളെ ചെറുക്കുകയും നീതി, സമത്വം, മതേതരത്വം എന്നീ ആശയങ്ങൾ പാലിക്കുന്ന രാജ്യമായി ഇന്ത്യയെ പുനർനിർമ്മിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ജനങ്ങളുടെ നന്മയ്ക്കായി റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ സിപിഐ എല്ലാ പൗരന്മാരോടും, പുരോഗമന ശക്തികളോടും, യഥാർത്ഥ ദേശസ്നേഹികളോടും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ഭരണഘടനയുടെ ആശയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നിവ ഉറപ്പുനൽകുന്ന ഒരു ജീവനുള്ള രേഖയായി അത് നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ നമുക്ക് പ്രവർത്തിക്കാം. വിഭജനത്തിന്റെയും അസമത്വത്തിന്റെയും ശക്തികളിൽ നിന്ന് നമ്മുടെ റിപ്പബ്ലിക്കിനെ വീണ്ടെടുക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുകയും ചെയ്യാം. ജനങ്ങൾക്കുവേണ്ടി, റിപ്പബ്ലിക്ക് തിരിച്ചുപിടിക്കാം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

എസ് ജയൻ കൊല്ലം കോർ പ്പറേഷനിലെ ഡെപ്യൂട്ടി മേയർ.

കൊല്ലം:ഡെപ്യൂട്ടി മേയറായി സി.പി.ഐ.എം പ്രതിനിധി വിളിക്കീഴ് ഡിവിഷൻ കൗൺസിലർ എസ്. ജയൻ തിരഞ്ഞെടുക്കപ്പെട്ടു.

2 hours ago

കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: കലാ-ശാസ്ത്രീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊല്ലം:കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി ആരോഗ്യ വകുപ്പ് ആരംഭിച്ച 'ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം' ക്യാമ്പയിനിന്റെ പ്രചാരണാര്‍ഥം കലാ- ശാസ്ത്രീയ കൂട്ടായ്മ…

2 hours ago

കടൽ മണൽ ഖനനത്തിനെതിരേ,തീരദേശ ഹർത്താൽ ആരംഭിച്ചു

കടൽ മണൽ ഖനനത്തിനെതിരേ,തീരദേശ ഹർത്താൽ ആരംഭിച്ചു തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ…

9 hours ago

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു. ഇന്ന് രാവിലെ 11ന് കൊല്ലം…

9 hours ago

സിപിഐ നേതാവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന സഖാവ് പി രാജു അന്തരിച്ചു.

സിപിഐ നേതാവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന സഖാവ് പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ…

9 hours ago

“കൊല്ലം മേയർ തിരഞ്ഞെടുപ്പ്”

കൊല്ലം മേയർ ആയി ഹണി ബഞ്ചമിൻ ജില്ലാ കലക്ടർ ദേവിദാസ് മുൻപാകെ സത്യപ്രതിഞ്ജ ചെയ്ത് അധികരമേൽക്കുന്നു.ഇന്ന് രാവിലെ 11ന് കൊല്ലം…

14 hours ago