ഇത് വൈറലായി കൊണ്ടിരിക്കുന്നു സത്യം ,ധർമ്മം, നീതി എവിടെയെന്ന തിരിച്ചറിവ് ലഭിക്കുന്നവർ ഇതും തിരിച്ചറിയുക. ഉള്ളിൽ കിടന്നു പുകയുന്ന നീതി ഉള്ളിൽ വിശ്രമിക്കുമ്പോൾ തോട് പൊളിച്ച് പുറത്തുവരുന്ന ഒരു നീതിയോ …….?
1.
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്
2024 ആഗസ്ത് 20 ന് താങ്കൾ
മാധ്യമപ്രവർത്തകരുടെ മുമ്പാകെ
പറഞ്ഞ കാര്യങ്ങളും ജ.ഹേമാക്കമ്മറ്റി
റിപ്പോർട്ട് സൃഷ്ടിച്ച വിവാദങ്ങളുമാണ്
ഈ തുറന്ന കത്തിനാധാരം.
അർദ്ധസത്യങ്ങളോ അസത്യങ്ങൾ
തന്നെയോ ആണ്, താങ്കൾ മാധ്യമങ്ങൾക്ക്
മുമ്പിൽ പങ്കുവെച്ചത് എന്ന്
പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്.
2.
“സിനിമാവ്യവസായത്തിൽ വില്ലന്മാരുടെ
സാന്നിദ്ധ്യം ഉണ്ടാവാൻ പാടില്ല.
സിനിമാ നയവും പ്രശ്നങ്ങളും
ചർച്ച ചെയ്യാൻ കോൺക്ലേവ് വിളിയ്ക്കും
ഗ്രൂപ്പുകളോ കോക്കസ്സുകളോ
ഭരിക്കുന്നതാവരുത് സിനിമ.
ആരേയും ഫീൽഡൗട്ടാക്കാൻ
ആരും അധികാരം ഉപയോഗിക്കരുത്.
ചൂഷകർക്കൊപ്പമല്ല
ചൂഷണം ചെയ്യപ്പെടുന്നവരുടെ
കൂടെയാണ് സർക്കാർ.
സിനിമക്കുള്ളിലെ അനഭിലഷണീയമായ
പ്രവണതകളെ ചോദ്യം ചെയ്യാനും
മാന്യവേതനം ഉറപ്പാക്കാനും
സിനിമാസംഘടനകൾ മുൻകൈ എടുക്കണം.
മൊഴി നൽകിയ ഏതെങ്കിലും വനിത
പരാതിയുമായി വന്നാൽ കേസെടുത്ത്
നിയമനടപടി സ്വീകരിക്കും.
എത്ര ഉന്നതനായാലും
നിയമത്തിനു മുന്നിലെത്തിക്കും.
ഇരകൾക്ക് ഉപാധികളില്ലാത്ത പിന്തുണ;
വേട്ടക്കാരോട് സന്ധിയില്ലാത്ത പോരാട്ടം.”
3.
താങ്കളുടെ മൊഴിമുത്തുകൾ
വായിക്കുമ്പോൾ രോമാഞ്ചം വരുന്നുണ്ട് സാർ.
പക്ഷേ താങ്കൾ ഈ കാര്യത്തിൽ
ഇതുവരെ സ്വീകരിച്ച നടപടികളൊന്നും
താങ്കൾക് ഇക്കാര്യത്തിലുള്ള ആത്മാർത്ഥതയെ
പ്രതിനിധീകരിക്കുന്നില്ല എന്ന് പറയാതെ വയ്യ
നമുക്കിവയൊക്കെ
‘മടിയിൽ കനമുള്ളവനേ
വഴിയിൽ പേടിക്കേണ്ടൂ‘.
‘ഈ കൈകൾ ശുദ്ധമാണ്.‘
തുടങ്ങിയ താങ്കളുടെ പതിവ് ക്ലീഷേകളോട്
ചേർത്തു വെക്കാം.
4.
സാർ,
2019 ഡിസസർ 31നാണ്
ജ.ഹേമയിൽ നിന്ന് താങ്കള്‍ ഈ റിപ്പോർട്ട്
ഏറ്റുവാങ്ങിയത്.
കഴിഞ്ഞ നാലര വർഷക്കാലം
താങ്കള്‍ ഈ റിപ്പോർട്ടിന്മേൽ അടയിരുന്നു.
ഇത് പുറംലോകം കാണാതെ സൂക്ഷിക്കാനുള്ള
കസർത്തുകൾക്കും അഭ്യാസങ്ങൾക്കുമപ്പുറം
ഇരകൾക്ക് നീതിയുടെ നാലയലെത്തെങ്കിലും
എത്താനുള്ള എന്തെങ്കിലുമൊരു നടപടി
‘ഇടതുപക്ഷ മുഖ്യമന്ത്രി‘ എന്നവകാശപ്പെടുന്ന
താങ്കളിൽ നിന്ന് ഈ നിമിഷം വരെ
ഉണ്ടായിട്ടുണ്ടോ?
എന്നാൽ ഈ റിപ്പോർട്ട്
ഗുരുതരമായ കുറ്റവാളികളായി രേഖപ്പെടുത്തിയ
താരരാജാക്കന്മാർക്കും
സിനിമാരംഗത്തെ പ്രഭുക്കൾക്കുമൊപ്പം
താങ്കൾ എത്ര മണിക്കൂറുകൾ
ചെലവിട്ടിട്ടുണ്ടാകും?
അവരുടെ താരത്തിളക്കത്തിന്
ഒരു മങ്ങലുമേൽക്കാതെ സംരക്ഷിക്കാൻ
വിയർത്തു പണിയെടുത്തതല്ലാതെ
ഇരകൾക്ക് വേണ്ടി ഒരു ചെറുവിരൽ
വെറുതെ ഒന്നനക്കാനെങ്കിലും താങ്കൾ
തയ്യാറായിട്ടുണ്ടോ?
5.
ഇവിടെയാണ് സാർ താങ്കൾ
താങ്കളുടെ മുൻഗാമിയും പാർട്ടിയുടെ
ഉന്നത നേതാവുമായ വി എസ് അച്ചുതാനന്ദൻ
എന്ന സഖാവിനെ ഓർക്കേണ്ടത്.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത്
കേരളത്തിലെ പ്രമുഖനായ നടനെ
ആദരിക്കേണ്ട ചുമതലയിൽ അദ്ദേഹം
ഔദ്യോഗികമായി ചെന്നുപെട്ടു.
ആ നടനാവട്ടെ ഒരു സ്ത്രീപീഡനക്കേസ്സിൽ
സംശയത്തിൻ്റെ നിഴലിലായ ആളായിരുന്നു.
അയാളെ ആദരിക്കുന്ന ചടങ്ങിൽ
താൻ പങ്കെടുക്കുന്ന പ്രശ്നമില്ല എന്ന
പരസ്യനിലപാടെടുത്ത് സഖാവ് വി എസ്
ആ ചടങ്ങിൽ നിന്ന് വിട്ടു നിന്നു.
നമ്മുടെ സംസ്ഥാനത്തെ സ്ത്രീ സമൂഹത്തിനിടയിൽ
ആ നടപടിയുണ്ടാക്കിയ ആത്മവിശ്വാസവും
സ്ത്രീപീഡകർക്കിടയിൽ അതുണ്ടാക്കിയ ഞെട്ടലും
എത്ര വലുതായിരുന്നു എന്ന്
താങ്കൾ ആലോചിച്ചിട്ടുണ്ടോ?
6.
സാർ
‘അള മുട്ടിയാൽ ചേരയും കടിക്കും’
എന്ന ചൊല്ലുപോലെ,
സിനിമാ മേഖലയിലെ യുവനടികൾ
നടത്തിയ ഒരു കലാപത്തിൻ്റെ
ബാക്കിപത്രമാണല്ലോ
ജ. ഹേമാക്കമ്മറ്റി റിപ്പോർട്ട്.
തങ്ങൾക്ക് വഴങ്ങാത്ത െ
നടികളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി;
അവരെ ആത്മഹത്യയിലേക്ക്
തള്ളിവിട്ടോ, വെപ്പാട്ടിമാരാക്കി മാറ്റി
ചവിട്ടിയരച്ചോ ഇല്ലാതാക്കുകയായിരുന്നു
നമ്മുടെ താരചക്രവർത്തിമാർ
ചെയ്തു കൊണ്ടിരുന്നത്..
7.
പക്ഷേ ‘നടി’യെ ആക്രമിച്ച സംഭവത്തിൽ
നടി കടുത്ത ‘അപമാനം’ സഹിച്ചും
ചെറുത്തു നിന്നു.
കോൺഗ്രസിൻ്റെ പൊതുഗണത്തിൽ പെടാത്ത,
പി ടി തോമസ്
എം എൽ എ
പരാതി നൽകാൻ അവർക്ക് പിന്തുണ നൽകി.
അതു വഴി ഒരു കേസുണ്ടായി.
സിനിമാനടികൾ മുൻകൈയ്യെടുത്ത്
വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
അതുവരെ ആരാലും ചോദ്യം ചെയ്യപ്പെടാതിരുന്ന
‘അമ്മ’ എന്ന താരസംഘടനയ്ക്കെതിരെ
കൈ ചൂണ്ടി സംസാരിക്കാൻ
സിനിമാമേഖലയിൽ നിന്നു തന്നെ ആളുണ്ടായി.
‘വുമൺ ഇൻ സിനിമാ കലക്ടീവ്‘(wcc)
എന്നൊരു സ്ത്രീ സംഘടന പിറന്നു.
8.
സാർ,
യഥാർത്ഥത്തിൽ പുതിയ കാലത്തെ
ഏറ്റവും ഉജ്ജ്വലമായ ഒരു ഇടതുപക്ഷ
നീക്കമായിരുന്നില്ലേ അത്?
നമ്മുടെ പ്രസ്ഥാനമായിരുന്നില്ലേ
അതിന് മുൻകൈ എടുക്കേണ്ടിയിരുന്നത്?
നമ്മളത് ചെയ്തില്ലെന്ന് മാത്രമല്ല
ആ സംഘടനയോട്
ശത്രുതാപരമായ നിലപാട്
സ്വീകരിക്കുകയും ചെയ്തു.
“താരസംഘടനയെ തകർക്കാൻ ശ്രമിക്കുന്നു”
എന്ന് അന്നത്തെ പാർട്ടി സെക്രട്ടറി
പ്രസ്താവന നടത്തിയത് താങ്കളിപ്പോൾ
ഓർക്കുന്നുണ്ടാവുമോ?
(‘അമ്മ’ പാർട്ടിയുടെ ബഹുജന സംഘടനയാണോ
എന്ന് ചോദിച്ച് ഈയുള്ളവൻ അന്ന്
ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടത് ഓർക്കുന്നു)
എത്രയേറെ കടുത്ത വെല്ലുവിളികളെ
അഭിമുഖീകരിച്ചാണ് യുവനടിമാർ
ആ സംഘടനയെ മുന്നോട്ടു നയിച്ചത്?
സ്വന്തം കരിയർ പോലും നഷ്ടപ്പെടുത്തി
അവരനുഭവിച്ച ത്യാഗം അത്രപെട്ടന്ന്
ഇടതുപക്ഷ മനസ്സുള്ള ഒരാൾക്ക്
എഴുതി തള്ളാനാവുമോ?
9.
സാർ,
കഴിഞ്ഞ ദിവസം
പാർവ്വതി തിരുവോത്ത് എന്ന
യുവ നടി ഈ റിപ്പോർട്ടിനെക്കുറിച്ചും
സർക്കാർ നിലപാടുകളെക്കുറിച്ചും
നടത്തിയ പരാമർശങ്ങൾ താങ്കൾ
ശ്രദ്ധിച്ചിട്ടുണ്ടാവുമെല്ലോ?
മാധ്യമപ്രവർത്തകയുടെ ചോദ്യത്തോട്
പ്രതികരിച്ചു കൊണ്ട്
‘ജനങ്ങളുടെ കൂട്ടായ്മയിൽ പിറന്ന
ഒരിടതുപക്ഷ സർക്കാരിനെ
അവിശ്വസിക്കേണ്ടി വരുന്നതിൻ്റെ ഗതികേട്’
എന്നൊരു പ്രയോഗം അവർ നടത്തി.
ആ പ്രസ്താവനയുടെ ആഴം
താങ്കളിലൊരു വികാരവും ജനിപ്പിക്കുന്നില്ലേ?
10
ചിന്തിക്കാൻ കഴിയാത്ത വിധം
ലൈംഗികവും ശാരീരികവും മാനസികവുമായ
പീഡനത്തിനിരയായ യുവതികളെ
കമ്മീഷനു മുമ്പിലെത്തിച്ച്,
പെൻഡ്രൈവും സിഡിയും വീഡിയോകളും
ഉൾപ്പെടെ മെറ്റീരിയൽ എവിഡൻസുകളും
മൊഴികളുമായി, അനിഷേധ്യമായ
തെളിവുകൾ നൽകിയ യുവതികൾ
വീണ്ടും പരാതി നൽകിയാൽ അന്വേഷിക്കാം
എന്ന് താങ്കൾ പറയുന്നതിലെ
വേട്ടക്കാരൻ പക്ഷപാതം
ആർക്കാണ് സാർ മനസ്സിലാകാത്തത്?
‘’അവരെ കൊണ്ട് പരാതി നൽകിക്കേണ്ടതിൻ്റെ
ഉത്തരവാദിത്തം വീണ്ടും ഞങ്ങൾ
ഏറ്റെടുക്കേണ്ടതുണ്ടോ?”
എന്ന് പാർവ്വതി ചോദിക്കുന്ന ചോദ്യം
ഇടതുപക്ഷഹൃദയങ്ങളെയാണ് സാർ
കീറിമുറിക്കുന്നത്.
താങ്കൾക്ക് ഒരു പക്ഷേ
അത് മനസ്സിലാവുന്നുണ്ടാവില്ല.
പക്ഷേ ഓരോ മലയാളിക്കും
അത് മനസ്സിലാവുന്നുണ്ട്
എന്നെങ്കിലും അങ്ങ് അറിയണം.
11.
ഇത്രയേറെ അഭിനയമികവും
സൗന്ദര്യവും ധൈര്യവും കാര്യപ്രാപ്തിയുമുള്ള
ഒരു കൂട്ടം യുവനടികൾ
തങ്ങളുടെ കരിയർ പോലും നഷ്ടപ്പെടുത്തി
തങ്ങളുടെ സഹപ്രവർത്തകർക്കെതിരെ
നടക്കുന്ന നീതികേടുകൾക്കെതിരെ
പൊരുതാനുറച്ച്,
ഒരു വനിതാ സംഘടന രൂപീകരിച്ച്
എല്ലാ പ്രതിബന്ധങ്ങളേയും നേരിട്ട്,
നീതിക്കു വേണ്ടി ഇനിയും പൊരുതാൻ
മനസ്സാന്നിദ്ധ്യം കാണിക്കുന്നുണ്ടെങ്കിൽ
അവരല്ലേ സാർ യഥാർത്ഥ ഇതുപക്ഷം?
12.
അവരുടെ രാഷ്ട്രീയ നിലപാടുകളും
ഒട്ടും തുളുമ്പാത്ത സംഭാഷണ ചാതുര്യവും
ചാട്ടുളിയെ വെല്ലുന്ന വിമർശനങ്ങളുമൊന്നും
പുതിയ കാലത്തിൻ്റെ ഇടതുപക്ഷ നിലപാടായി
തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ,
WCC യെ ഒരു സ്ത്രീ വിമോചനപ്രസ്ഥാനമായി
അടയാളപ്പെടുത്താൻ നമുക്ക് കഴിയുന്നില്ലെങ്കിൽ
നമ്മുടേത് എന്ത് ഇടതുപക്ഷമാണ് സാർ?
താങ്കളുടേത്
എന്ത് ഇടതുപക്ഷ സർക്കാരാണ് സാർ?
അവരോട് ചേർന്നു നിൽക്കാൻ
നമുക്കൊരു വനിതാപ്രസ്ഥാനം ഉണ്ടായില്ല.
അവരെ ചേർത്തുപിടിക്കാൻ
നമുക്കൊരു ടീച്ചറമ്മയുണ്ടായില്ല.
അവർക്ക് നീതി നൽകാൻ
നമുക്കൊരു വനിതാ കമ്മീഷനുണ്ടായില്ല.
നമുക്ക് താല്പര്യം ഈ അളിഞ്ഞ
താരരാജാക്കമാരോടാപ്പം
സെൽഫിയെടുക്കാനായിരുന്നു!
13.
താങ്കളുടെ സൈബർ പോരാളികളായ
പാണന്മാർ പാടി നടക്കുന്നത്
താങ്കളുടെ മികവുകൊണ്ടാണ്
നടിയെ ആക്രമിച്ച സംഭവത്തിൽ
അന്വേഷണവും കേസും ഉണ്ടായത്
എന്നാണ്. അത് ശരിയാണോ സാർ?
പി ടി തോമസിനെ പോലെ ഒരാൾ
ഉറച്ച പിന്തുണയുമായി കൂടെ നിന്നത്
കൊണ്ടാണല്ലോ കേസും അന്വേഷണവും
ആദ്യഘട്ടത്തിൽ മുന്നോട്ടു പോയത്.
താരപ്രഭുവിൻ്റെ ഡ്രൈവർ
അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ
താങ്കൾ പറഞ്ഞതെന്തായിരുന്നു?
കേസ്സിലെ പ്രതിയെ അറസ്റ്റു ചെയ്തു
കഴിഞ്ഞു. ഈ കേസിൽ കൂടുതൽ
പ്രതികളില്ല” എന്നായിരുന്നില്ലേ?
14.
അന്വേഷണ ഘട്ടത്തിൽ
ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന
ഒരാൾ അങ്ങിനെ പറയുമ്പോൾ
അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് നൽകുന്ന സന്ദേശമെന്താണ്?
അന്വേഷണം കൂടുതൽ മുന്നോട്ടു
പോകുന്നതിന് ആഭ്യന്തര വകുപ്പിന്
താൽപ്പര്യമില്ല എന്നല്ലേ?
അടുത്ത മാസങ്ങളിൽ അന്വേഷണം
മരവിച്ചില്ലേ?
വിവരങ്ങൾ രഹസ്യമായി ശേഖരിച്ച
മലയാളി അല്ലാത്ത
ഒരു പോലീസുദ്യോഗസ്ഥനാണ്
കേസിന് വഴിത്തിരിവ് ഉണ്ടാക്കിയത്.
ഡ്രൈവറെ താമസിപ്പിച്ച ജയിൽമുറിയിൽ
മറ്റൊരു ചെറുപ്പക്കാരനെ താമസിപ്പിച്ച്,
സൗഹൃദം സ്ഥാപിച്ച്, സംഭവത്തിൻ്റെ
എല്ലാ വിശദാംശങ്ങളും
ചോർത്തുകയായിരുന്നു?
തനിക്ക് ഓഫർ ചെയ്ത പ്രതിഫലം
ആവശ്യപ്പെട്ട് താരപ്രഭുവിന് കത്തെഴുതിച്ചും
മറ്റും തെളിവുകൾ ശേഖരിച്ചും
അദ്ദേഹം കേസിൻ്റെ ചുരുളഴിച്ചു?
തുടർന്ന് ഒരു വനിതാ ഐ പി എസ്
ഉദ്യോഗസ്ഥ ആഭ്യന്തര വകുപ്പിന്
നിഷേധിക്കാൻ കഴിയാത്ത വിധം
തെളിവുകൾ കൂട്ടിയിണക്കി
ബോദ്ധ്യപ്പെടുത്തിയതിനു ശേഷമാണ്
താരപ്രഭുവും മറ്റു പ്രതികളും അകത്തായത്?
15.
ഒരു പക്ഷേ ഇന്ത്യൻ നീതിന്യായ
ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ
കേസുകളിലൊന്നായി
നടിയെ ആക്രമിച്ച കേസ് മാറിയതും
ഇന്നും വേട്ടക്കാരനു വേണ്ടി വലിയ യുദ്ധങ്ങൾ
കോടതി മുറികളിൽ നടക്കുന്നതും,
കേരളീയ സമൂഹത്തിൽ സംഭവിക്കുന്ന
വലതുപക്ഷമേധാവിത്വത്തിൻ്റെ കൂടി
ഭാഗമായി മനസ്സിലാക്കണം.
നീതിയും അധികാരവും പണവും
എല്ലാം തുലാസിലാടുന്ന ഈ കേസിൻ്റെ
വിധിതീർപ്പുകൾ
സ്ത്രീവിമോചന സമരചരിത്രത്തിലെ
അപൂർവ്വ വിധികളിലൊന്നായി തീരട്ടെ
എന്ന് നമുക്ക് ആശിക്കാം.
16.
സാർ
എന്തുകൊണ്ടാണ്
ജ. ഹേമയുടെ സമിതി
എൻക്വയറീസ് ആക്ട് പ്രകാരമുള്ള
കമ്മീഷൻ ആകാതെ കേവലമൊരു
അന്വേഷണക്കമ്മിറ്റി മാത്രമായത്?
എൻക്വയറീസ് ആക്ട് പ്രകാരമുള്ള
കമ്മീഷൻ ആണെങ്കിൽ സർക്കാരിൻ്റെ
വിവേചനാധികാരത്തിനപ്പുറം അത്
നിയമപരമായ ബൈൻ്റിംഗ് ആകുമായിരുന്നു.
ആറു മാസത്തിനിടയിൽ നിയമസഭയുടെ
മേശപ്പുറത്ത് വെക്കുകയും അതിന് മുകളിൽ
സ്വീകരിച്ച നിയമനടപടികളുടെ
ഏക്ഷൻ ടെയ്ക്കൺ റിപ്പോർട്ട്
നിയമസഭയുടെ മേശപ്പുറത്ത് വെക്കാൻ
സർക്കാർ നിയമപരമായി
ബാദ്ധ്യസ്ഥമാകുകയും ചെയ്യുമായിരുന്നു.
17.
ഇതു വഴി പ്രതികളെ നിയമവ്യവസ്ഥക്ക്
മുമ്പിൽ കൈയ്യാമം വെച്ച് നിർത്താൻ
നമുക്ക് കഴിയുമായിരുന്നു.
അതൊഴിവാക്കാനാണ് സർക്കാർ
ഒരു കോടിയലധികം രൂപ ചെലവു ചെയ്ത്
നടത്തിയ ഹൈക്കോടതി ജഡ്ജിയുടെ
അന്വേഷണം നിയമബാദ്ധ്യതകളില്ലാത്ത
അന്വേഷണക്കമ്മിറ്റിയായി മാറ്റിയത്
എന്നാരെങ്കിലും സംശയിച്ചാൽ
നമുക്ക് അവരെ കുറ്റം പറയാനാകുമോ സാർ?
18.
സാർ
റിപ്പോർട്ട് വെളിപ്പെടുത്തരുത് എന്ന്
ജ. ഹേമ ആവശ്യപ്പെട്ടത് കൊണ്ടാണ്
വെളിപ്പെടുത്താത്തത് എന്ന് താങ്കൾ
അവകാശപ്പെടുന്നു.
അതെന്തൊരു വിചിത്രമായ
ന്യായവാദമാണ് സാർ?
ഞങ്ങൾ മലയാളികളുടെ
നികുതിപ്പണത്തിൽ നിന്ന്
ഒരു കോടി രൂപ ചെലവ് ചെയ്ത്,
അവരുടെ ആനുകൂല്യങ്ങളെല്ലാം
നൽകി, ഒരു റിപ്പോർട്ട് ഉണ്ടാക്കി,
അത് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞാൽ
അത് സർക്കാരിൻ്റെ സ്വത്തല്ലേ സാർ?
അത് വഴി ജനങ്ങളുടെ സ്വത്തായി
അത് മാറിക്കഴിഞ്ഞതല്ലേ?
അത്തരം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കരുത്
എന്ന് പറയാൻ ജസ്റ്റീസ് ഹേമക്ക്
എന്താണവകാശം?
അവരങ്ങിനെ പറഞ്ഞാൽ തന്നെ
അത് അനുസരിക്കാൻ
സർക്കാരിനെന്താണ് ബാദ്ധ്യത?
ഓരോ തൊടുന്യായം പറഞ്ഞ് റിപ്പോർട്ട്
പൂഴ്ത്താൻ ശ്രമിക്കുന്നതിന് പിന്നിൽ
സർക്കാരിന് നിക്ഷിപ്ത താല്പര്യങ്ങളുണ്ട്
എന്നാരെങ്കിലും സംശയിച്ചാൽ
അവരെ കുറ്റം പറയാൻ പറ്റുമോ?
19.
സാർ
യഥാർത്ഥത്തിൽ
ജ. ഹേമ
തൻ്റെ റിപ്പോർട്ടിൽ ഇത് പുറത്തുവിടരുത്
എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
എൻ്റെ കൈവശമുള്ള റിപ്പോർട്ടിൽ
അങ്ങിനെ ഒരു ആവശ്യം
അവര്‍ ഉന്നയിച്ചതായി
എനിക്ക് കാണാൻ കഴിഞ്ഞില്ല.
ചിലപ്പോൾ എൻ്റെ നോട്ടപിശകായിരിക്കാം.
2020 ഫിബ്രവരി 19 ന് ജ.ഹേമ അയച്ച
ഒരു കത്തിൽ
“we have been followling the principles laiddown by
the supreme court on Various decisions in keeping
the matter extra Confidential,
I would also take the liberty to alert you to follow
these principles before parting with the report to
anybody in a routine manner”
ഇതെങ്ങിനെയാണ് റിപ്പോർട്ട്
പ്രസിദ്ധീകരിക്കരുതെന്ന് ജ.ഹേമ
ആവശ്യപ്പെടുന്നതായി താങ്കൾ വ്യാഖ്യാനിക്കുന്നത്?
20.
സർ ,
ഇന്ത്യൻ തെളിവു നിയമമനുസരിച്ച്
ഇരയുടെ പേര് സമൂഹത്തിൽ
അനാവരണം ചെയ്തു കൂടാത്തതാണ്.
അത് ഇരക്ക് മാത്രം ലഭിക്കേണ്ട
ഒരു പരിരക്ഷയാണ്.
ആ പരിരക്ഷ വേട്ടക്കാർക്കും
ലഭിക്കണമെന്നാണല്ലോ
റിപ്പോർട്ട് പുറത്തുവിടാൻ
വിസമ്മതിക്കുന്നതിലൂടെ,
താങ്കൾ പരോക്ഷമായി ആവശ്യപ്പെടുന്നത്.
ഇരകളുടെ ഐഡൻ്റിറ്റി മറച്ചു വെച്ചു
കൊണ്ടാണല്ലോ നമ്മുടെ കോടതികളിൽ
സ്ത്രീപീഡനക്കേസുകൾ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
അവിടെയാരും വേട്ടക്കാരുടെ പേരുകൾ
മറച്ചുവെക്കുന്നില്ലല്ലോ?
അതേ പോലെ ഇവിടേയും
ഇരകളുടെ പേരുകൾ ഹൈഡ് ചെയ്ത്
വേട്ടക്കാരുടെ പേരുകൾ അനാവരണം
ചെയ്യുകയല്ലേ സർക്കാർ ചെയ്യേണ്ടത്?
വെറുതെ ഒരു ഇൻഡസ്ട്രിയിലെ
എല്ലാവരെയും സംശയത്തിൻ്റെ
നിഴലിലാക്കുന്നതിനു പകരം
യഥാർത്ഥ വേട്ടക്കാരുടെ പേരുകൾ
പ്രഖ്യാപിക്കുകയല്ലേ സർക്കാർ ചെയ്യേണ്ടത്?
21.
യുവതികൾ പരാതിയുമായി വന്നാൽ
കേസെടുക്കും എന്ന താങ്കളുടെ നിലപാട്
എന്തൊരു അസംബന്ധ ഭാഷണമാണ്?
പിന്നയെന്തിനാണ് ഞങ്ങളുടെ
ഒരു കോടി രൂപ ചെലവു ചെയ്ത്
ഹൈക്കോടതി ജസ്ജിയെ വെച്ച്
അന്വേഷണം നടത്തി ഇത്രയേറെ
തെളിവു ശേഖരിച്ച്
ഒരു റിപ്പോർട്ട് ഉണ്ടാക്കിയത്?
ഇരകൾക്ക് നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി
പരാതി നൽകി കേസാക്കാമായിരുന്നല്ലോ?
ഇത്രയേറെ പണച്ചെലവും
ഒഴിവാക്കാമായിരുന്നില്ലേ?
22.
അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ
അടിസ്ഥാനത്തിൽ കേസെടുക്കുന്നത്
പുതിയ കാര്യമാണോ?
സോളാർ കമ്മീഷൻ്റെ റിപ്പോർട്ട്
അടിസ്ഥാനമാക്കി
ഉമ്മൻചാണ്ടിക്കെതിരേയും
കൂത്തുപറമ്പിൽ
ഭാസ്കരൻനായർ കമ്മീഷൻ്റെ
അടിസ്ഥാനത്തിൽ
എം വി രാഘവനെതിരെയും
കേസ്സെടുത്തിട്ടില്ലേ?
പിന്നെയെന്തിനാണ് ഹേമാക്കമ്മിറ്റി
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
വേട്ടക്കാർക്കെതിരെ കേസ്സെടുക്കാൻ
സർക്കാർ മടിക്കുന്നത്?
ഇരകൾ പരാതി നൽകാൻ മടിക്കുന്നുണ്ടെങ്കിൽ
അതിന് കാരണം ഭയമല്ലേ?
ഈ സർക്കാർ ഇരകൾക്കൊപ്പമാണെങ്കിൽ
അവർക്ക് സംരക്ഷണവും ധൈര്യവും നൽകി
നീതിന്യായ വ്യവസ്ഥക്കു മുമ്പിൽ കൊണ്ടുവന്ന്
കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത
സ്റ്റേറ്റിൻ്റേതല്ലേ?
അതല്ലേ ഒരു ഇടതുപക്ഷ സർക്കാരിൻ്റെ ചുമതല?
23.
സാർ,നമ്മുടെ സിനിമാതാരങ്ങൾ
കലാകാരന്മാർ എന്ന നിലയിൽ
വലിയ പ്രതിഭകൾ തന്നെയാണ്.
ആ നിലയിലുള്ള ബഹുമാനവും
അവർ അർഹിക്കുന്നുണ്ട്.
അതിനപ്പുറം സാമൂഹ്യജീവികൾ
എന്ന നിലയിൽ ഇത്രയേറെ
ധനാർത്ഥിയുള്ളവരും അറുപിന്തിരിപ്പൻ
രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചു
പുലർത്തുന്നവരും ലൈംഗിക
മനോരോഗികളും ഒക്കെയായി തീരുമ്പോൾ
അവരെ ചുമക്കാനുള്ള ബാദ്ധ്യത
ഇടതുപക്ഷത്തിനുണ്ടോ?
മോദിയുടെ നോട്ട് നിരോധനമുൾപ്പെടെ
സംഘപരിവാർ അജണ്ടകൾക്കെല്ലാം
പിന്തുണ നൽകുന്ന ഒരാൾക്ക്
എങ്ങിനെയാണ് അക്ഷരമുറ്റത്തിൻ്റെ
പ്രമോട്ടറായി പ്രവർത്തിക്കാനാകുക?
ഇത്തരക്കാരുമായി നമ്മുടെ നേതാക്കൾ
വെച്ചു പുലർത്തുന്ന ബന്ധങ്ങൾ ഒരിക്കലും
പുരോഗമന ആശയധാരകളെ
പ്രമോട്ട് ചെയ്യാനാവില്ലല്ലോ.
ചങ്ങാത്ത മുതലാളിത്ത സാമ്പത്തിക
താല്പര്യങ്ങളാണ് അവരെ ഒന്നിപ്പിക്കുന്നത്
എന്ന് ആരെങ്കിലും ആരോപിച്ചാൽ
നമുക്കെങ്ങിനെയാണ്
അതിനെ പ്രതിരോധിക്കാനാവുക?
24.
ഒരു സമൂഹം എത്രമേൽ വികസിതമാണ്,
പ്രാകൃതമാണ്, അരക്ഷിതമാണ്
എന്നൊക്കെ അറിയാൻ ലോകത്താകമാനമുള്ള
നരവംശ,സാമ്പത്തിക സാമൂഹ്യശാസ്ത
ഗവേഷകർ ആദ്യം ചെയ്യുന്നത്,
ആ സമൂഹത്തിലെ
സ്ത്രീ ജീവിതം പഠിക്കുകയാണ്.
നാം ,കേരളം ഒന്നാം നമ്പർ
എന്ന് വിളിച്ചു കൂവുമ്പോൾ,
എത്ര മാത്രം അഴുകി ജീർണ്ണിച്ചതാണ്
കേരളീയ സമൂഹം എന്ന്
ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.
നാം ഇടതുപക്ഷത്തിൻ്റെ ബാനറിൽ
വികസിപ്പിക്കുന്നത് എന്ത് രാഷ്ട്രീയമാണ്?
25.
അധികാരവും പണവും ഉപയോഗിച്ച്
നടിയെ പീഡിപ്പിച്ച കേസ്
അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ
ജ.ഹേമാക്കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ച്
വേട്ടക്കാരെ രക്ഷിക്കാൻ
‘ഒരു ഇടതു സർക്കാർ’ നടത്തിയ
വഴിവിട്ട പരിശ്രമങ്ങൾ
നീതിന്യായ ചരിത്രത്തിൽ
കേട്ടുകേൾവിയില്ലാത്ത
ആഭിചാരസമാനമായ ചരിത്രമാകും.
വനിതാ വിമോചനപ്രസ്ഥാനങ്ങളുടെ
ചരിത്രത്തോട് ചേർത്തു നിർത്തി
ഭാവിയിൽ ഇടതുപക്ഷത്തിന്
ഈ കേസ് പഠിക്കേണ്ടിവരും.
അന്ന് താങ്കളുടെ പേര്
ചരിത്രം രേഖപ്പെടുത്തുക
ചുവന്ന അക്ഷരങ്ങളിലോ
കറുത്ത അക്ഷരങ്ങളിലോ എന്ന്
താങ്കൾ ചിന്തിച്ചിട്ടുണ്ടോ?
നന്ദി
ആദരവോടെ
എൻ വി ബാലകൃഷ്ണൻ
2024 ആഗസ്ത് 22
കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ…
വേനൽക്കാലമാണേ... സൂക്ഷിക്കണേ... ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന…
കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര…
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…