പത്രപ്രവർത്തകയും എഴുത്തുകാരിയും ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് മുൻ ഡപ്യൂട്ടി ഡയറക്ടറുമായ കെ. എ .ബീനയുടെ ഈ കുറിപ്പ് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ദൂരദർശൻ മുൻ ഡപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായ ബൈജുചന്ദ്രൻ്റെ പത്നിയാണ് ലേഖിക.
എല്ലാവരും അങ്ങനെ ആണെന്നല്ല. എങ്കിൽ പോലും പി.പി . ദിവ്യയെ പോലെ ഒരുപാട് പേരെ കണ്ടിട്ടുണ്ട് .നവീൻ ബാബുവിനെ പോലെ വേദിയിലും മറ്റും നിസ്സഹായരായി ഇരിക്കേണ്ടി വരുന്നവരെയും പലവട്ടം കണ്ടിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയിൽ ചില അവസരങ്ങളിൽ അങ്ങനെ ഇരിക്കേണ്ടി വന്നിട്ടുമുണ്ടു്.
നവീൻ ബാബുവിന്റെ മരണം മനസ്സിനെ തളർത്തുമ്പോൾ കേരളത്തിലെ പഞ്ചായത്തുകളിൽ നിരന്തരം സഞ്ചരിക്കുകയും അവിടെ എന്ത് നടക്കുന്നു എന്ന് നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത ഒരാൾ എന്ന നിലയ്ക്ക് ചില കാര്യങ്ങൾ പറയാതെ വയ്യ.
സർക്കാർ ജീവനക്കാരെ അഴിമതിക്കാരും കൈക്കൂലിക്കാരുമായി കരുതാനും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിക്കാനും മടി കാണിക്കാത്ത ഒരുപാട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട് .
കേന്ദ്ര ഗവൺമെൻ്റിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (പഴയ ഫീൽഡ് പബ്ലിസിറ്റി) ഉദ്യോഗസ്ഥയായി കേരളത്തിലെ വിവിധ പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷനുകളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി നിരന്തരം യാത്ര ചെയ്തിരുന്ന പത്ത് വർഷങ്ങൾ . അക്കാലത്ത് ഞാൻ കണ്ട പലരും പി പി ദിവ്യ മാർ ആയിരുന്നു .ധാർഷ്ട്യവും അഹങ്കാരവും പുച്ഛവും ശരീരഭാഷയിലും സംസാര ഭാഷയിലും നിറഞ്ഞുനിൽക്കുന്നവർ. അധികാരം മത്തു പിടിപ്പിക്കുന്നവർ .അവർ സ്കൂൾ അധ്യാപകരോടും അംഗൻവാടി പ്രവർത്തകരോടും കൃഷി ഓഫീസർമാരോടും എന്ന് വേണ്ട സർക്കാർ സംവിധാനത്തിൽ ജോലി ചെയ്യുന്ന ആരോടാണെങ്കിലും അപമാനകരമായി പെരുമാറാൻ മടിക്കാത്തവരാണ്. പല രും ഗവൺമെൻറ് ഉദ്യോഗസ്ഥർ എന്ന നിലയിൽ ഞങ്ങളെയും കള്ളന്മാരും അഴിമതിക്കാരുമായി ചാപ്പ കുത്തി സംസാരിക്കുമ്പോൾ കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. “കാണിച്ചു തരാം” എന്ന ഭീഷണി പലവട്ടം കേട്ടിട്ടുണ്ട്. രാഷ്ട്രീയം സംസ്കാരസമ്പന്നർ ആക്കാത്ത , മനുഷ്യത്വത്തിലേക്ക് നയിക്കാത്ത, അധികാരം തലയ്ക്ക് പിടിച്ച ധാരാളം പേർ ഇവിടുണ്ട്.
കക്ഷിരാഷ്ട്രീയ ആൺ പെൺഭേദമൊന്നും ഇക്കാര്യത്തിൽ ഇല്ല. സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ അടിമകളാണെന്ന മട്ടിലാണ് ചിലർ പെരുമാറിക്കൊണ്ടിരിക്കുന്നത്. അധികാരം ദുഷിപ്പിക്കും എന്നുള്ളത് എത്ര വട്ടമാണ് നേരിൽ കണ്ടിട്ടുള്ളത്. ഏത് തലത്തിലുള്ള അധികാരമായാലും. സർക്കാർ ഉദ്യോഗസ്ഥരിൽ അഴിമതിക്കാരില്ലെന്നോ കൈക്കൂലി വാങ്ങാത്തവരില്ലെന്നോ എന്നൊന്നും ഞാൻ പറയുന്നില്ല .
പക്ഷേ എല്ലാവരെയും ഒരേ തരത്തിൽ ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. പൊതുവേദിയിൽ അപമാനിച്ചല്ല പരിഹാരമുണ്ടാക്കേണ്ടത്.
ഭീഷണികളിലൂടെ, വെല്ലുവിളികളിലൂടെ ആത്മ വീര്യം കെടുത്തപ്പെട്ട ഒരുപാടു പേർ ജോലി ഉപേക്ഷിച്ച് പോകാൻ പോലും തയ്യാറാകുന്നുണ്ട്.
ജോലിയിൽ നിന്ന് സ്വയം വിരമിക്കൽ എടുത്ത് സ്വതന്ത്രയാകുമ്പോൾ എനിക്കേറ്റവും ആശ്വാസം അധികാര ധാർഷ്ട്യങ്ങളിൽ നിന്ന് വിടുതൽ കിട്ടിയല്ലോ എന്ന് കൂടിയായിരുന്നു.
മര്യാദ മറന്ന് അധികാരപൂർവം ഹുങ്കോടെ സംസാരിക്കുന്ന പലരും എൻറെ ഔദ്യോഗിക ജീവിതത്തിലും വിഷമിപ്പിച്ചിട്ടുണ്ട് .
അധികാരത്തിന്റെ മത്തു പിടിക്കൽ കണ്ട് ലജ്ജിച്ചു പോയിട്ടുണ്ട്.
നമ്മുടെ ഗ്രാമപഞ്ചായത്തുകളിൽ, മുനിസിപ്പാലിറ്റികളിൽ, കോർപ്പറേഷനുകളിൽ ഭാരവാഹികളാവുന്നവരിൽ ചിലരിൽ നിന്ന് സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന പീഡനം എത്ര മാത്രമാണെന്ന് ഇനിയെങ്കിലും തുറന്നു പറയാതെ വയ്യ. ഉന്നത വിദ്യാഭ്യാസം നേടി, പി എസ് സി ടെസ്റ്റും ഇൻ്റർവ്യൂവും കഴിഞ്ഞ് വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നിർഭയമായി അഭിമാനത്തോടെ, സ്വാതന്ത്ര്യത്തോടെ , ജോലി ചെയ്യാനുള്ള സാഹചര്യം നമ്മുടെ സംസ്ഥാനത്ത് അനുദിനം ഇല്ലാതാവുകയാണ്. സർക്കാർ സംവിധാനത്തിൻ്റെ കാര്യക്ഷമതയെ ഇത് എത്ര കണ്ട് ബാധിക്കുന്നു എന്ന് വിലയിരുത്തപ്പെടണം.
സർക്കാർ കാര്യങ്ങൾ നടന്നു പോകുന്നതിന് ചട്ടങ്ങളും നിയമങ്ങളും ഉണ്ട്. അവയെ മറികടന്ന് വാക്കാൽ ഓർഡറുകൾ ഇടാനും സ്വന്തം രീതിയിൽ ഭരിക്കാനും ശ്രമിക്കുന്നവർ കുറവല്ല. സർക്കാർ രീതിയനുസരിച്ച് മുന്നോട്ട് പോകാൻ
” പ്രസിഡണ്ട് / മെംബർ അതൊന്ന് എഴുതിത്തരൂ ” എന്ന് പറഞ്ഞാൽ കഥ മാറും. അപ്പോൾ ഉദ്യോഗസ്ഥർ കൈക്കൂലിക്കാരും അഴിമതിക്കാരുമാവും.
കേൾക്കുമ്പോൾ തോന്നരുത് ഇവരൊക്കെ അഴിമതിയില്ലാത്തവരും കൈക്കൂലി വാങ്ങാത്തവരും ആണെന്ന്. അടിമുടി അഴിമതിയിൽ മുങ്ങി നിൽക്കുകയാണ് . സ്വന്തം നാട്ടിലെ ഹോമിയോ ഡിസ്പെൻസറിയിൽ മൂന്ന് മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ തൂപ്പ് ജോലി ചെയ്തിരുന്ന ഒരു സ്ത്രീ എനിക്ക് വീട്ടു സഹായി ആയി കുറച്ചുനാൾ വന്നിരുന്നു. അക്കാലത്ത് അവർക്ക് കിട്ടിയിരുന്ന ശമ്പളത്തിൻ്റെ പകുതി ജോലിക്ക് റെക്കമൻ്റ് ചെയ്തതിൻ്റെ പ്രതിഫലമായി പഞ്ചായത്ത് മെംബർ ക്ക് കൊടുക്കേണ്ടി വന്നിരുന്നു എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്.എന്തിനും ഏതിനും പണം വേണം. എല്ലാം സ്വജനങ്ങൾക്ക് മാത്രം.
അധികാരം ദുഷിപ്പിക്കുന്നത് ഒരു പി. പി. ദിവ്യയെയല്ല. നശിപ്പിക്കുന്നത് ഒരു നവീൻ ബാബുവിൻ്റെ ജീവിതവുമല്ല.
പൂച്ചയ്ക്കാര് മണികെട്ടും എന്നെനിക്കറിയില്ല. എങ്കിലും പറയാതെ വയ്യാ. അധികാരസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് അഹങ്കാരത്തിൻ്റെ അധികാരിയാകാനല്ല, മറ്റു മനുഷ്യജീവികളുടെ ജീവിതം മെച്ചപ്പെടുത്താൻ കിട്ടുന്ന അവസരമാണതെന്ന് കരുതുവാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തകർ കുറഞ്ഞു കുറഞ്ഞു വരുന്നു. ഒരു നവീൻ ബാബു മരിച്ചു. പക്ഷെ ഒരു പാട് പേർ മരിച്ചു ജീവിക്കുന്നുണ്ട്.
എല്ലാവരും പി.പി. ദിവ്യമാർ അല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. മനുഷ്യത്വം ബാക്കിയായ, രാഷ്ട്രീയപ്രവർത്തനം സേവനമാക്കി മാറ്റിയ ഒരു പാട് പേർ നമുക്കു ചുറ്റും ഇപ്പോഴും ഉണ്ട് എന്നത് കൊണ്ട് മാത്രം ആകെ തകരാതെ മുന്നോട്ട് പോകുന്ന ഒരു സംവിധാനം ആണ് നമുക്ക് ഇന്നുള്ളത്. ആ സംവിധാനം നിലനിർത്താൻ ധാർഷ്ട്യ രാഷ്ട്രീയത്തിന് അറുതി വന്നേ തീരൂ.
കെ.എ. ബീന
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…