ആണവ ശാസ്ത്രജ്ഞന് ഡോ.എം.വി.രമണയുടെ Nuclear is not the solution: The folly of atomic power in the age of climate change എന്ന പുസ്തകത്തിന്റെ വായന- 4
ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്റെ (Department of Atomic Energy-DAE) യും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെയും (Nuclear Power Corporation of India Ltd-NPCIL) പ്രചരണ സാമഗ്രികളില്‍ ആണവോര്‍ജ്ജത്തെക്കുറിച്ച് ‘സുരക്ഷിതം'(Safe) എന്നും ‘വൃത്തിയുള്ളത്’ (clean) എന്നും ആവര്‍ത്തിച്ച് വിശേഷിപ്പിക്കുന്നത് കാണാം. മറ്റേതെങ്കിലും ഊര്ജ്ജരൂപത്തെക്കുറിച്ച്- കാറ്റ്, സൗര, ജൈവ, ജല വൈദ്യുതി- ഇങ്ങനെയൊരു പ്രചരണം നടത്തുന്നതായി കാണാന്‍ കഴിയില്ല!! എന്തുകൊണ്ടാണ് ആണവോര്‍ജ്ജ വകുപ്പിന് ഈ രീതിയില്‍ ആണവ നിലയങ്ങള്‍ ‘സുരക്ഷിത’മാണെന്ന് പറയേണ്ടി വരുന്നത്?!
സംഗതി ലളിതമാണ്.
ആണവോര്‍ജ്ജ സാങ്കേതികവിദ്യയുടെ നാളിതുവരെയുള്ള ചരിത്രം പറയുന്നത് അവ ഒട്ടും സുരക്ഷിതമല്ല എന്നുതന്നെയാണ്. വിനാശകരമായ നിരവധി അപകടങ്ങളുടെ ഒരു നിര തന്നെ ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഇനി വന്‍ അപകടങ്ങളെ മാറ്റി നിര്‍ത്തിയാലും ആണവ നിലയങ്ങളുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ പോലും അനിവാര്യമായും ആണവ വികിരണ വസ്തുക്കള്‍ പുറന്തള്ളുന്നവയാണ്. ഇതിനര്‍ത്ഥം ആണവ സാങ്കേതികവിദ്യ ഒരിക്കലും ‘സുരക്ഷിത’മോ ‘ശുദ്ധ’മോ ആയിരുന്നില്ല എന്നാണ്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യുദ്ധത്തില്‍ ആണവോര്‍ജ്ജത്തെ പങ്കാളിയാക്കുക എന്നതിനര്‍ത്ഥം ഇപ്പോള്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്ത രാജ്യങ്ങളില്‍പ്പോലും അവ സ്ഥാപിക്കുക എന്നതാണ്. ഇത് സൃഷ്ടിക്കാന്‍ പോകുന്ന അപകട സാധ്യതകളെക്കുറിച്ച് പ്രൊഫ.രമണ ഈ രീതിയില്‍ ആശങ്കപ്പെടുന്നു: ”അപകട സാധ്യത എന്നത് റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികളെക്കൂടി ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് ആണവോര്‍ജ്ജം ഗണ്യമായി സംഭാവന നല്കണമെങ്കില്, നിലവില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ വളരെയധികം റിയാക്ടറുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ചെലവുചുരുക്കല്‍, ലാഭമുണ്ടാക്കല്‍ എന്നിവയുള്‍പ്പെടെ പലതരം മുന്‍ഗണനകളുള്ള സ്ഥാപനങ്ങള്‍ ഈ റിയാക്ടറുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കാമോ?”
ഫുകുഷിമ ആണവാപകടത്തെക്കുറിച്ച് വളരെ സൂക്ഷ്മമായി പഠനം നടത്തിയിട്ടുള്ള ഗ്രന്ഥകാരന് പറയുന്നു: ”ഉത്തരം ‘ഇല്ല’ എന്ന് ആയിരിക്കും. …..ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് ഫുകുഷിമ പ്രതിസന്ധിയെത്തുടര്‍ന്ന് സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയിട്ടില്ലെന്ന് വളരെ വിശദമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൂകമ്പവും സുനാമിയും പോലുള്ള പ്രകൃതിദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ അനുഭവപരിചയമുള്ള, സാങ്കേതിക വൈദഗ്ധ്യത്തിന് പേരുകേട്ട, ഒരു രാജ്യത്ത് നല്ല ധനസഹായം ലഭിക്കുന്ന ഒരു സ്ഥാപനം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെ ഏത് രാജ്യത്തെയാണ് വിശ്വാസത്തിലെടുക്കുക?”
ആണവ ലോബിയുടെ പുതിയ മന്ത്രം: ” ചെറുതത്രേ മനോഹരം”!!
പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ആണവ വ്യവസായം കുഞ്ഞന്‍ ആണവ നിലയങ്ങള്‍ എന്ന ആശയവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 10 മെഗാവാട്ട് മുതല്‍ 300 മെഗാവാട്ട് വരെ മാത്രം ഉത്പാദന ശേഷിയുള്ള ചെറുകിട മോഡുലാര്‍ റിയാക്ടറുകളാണ് (Small Modular Reactors-SMRs) ഈ രംഗത്തെ പുതിയ താരം. രസകരമായ സംഗതി, ചെറുകിട മോഡുലാര്‍ റിയാക്ടറുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ പരമ്പരാഗത നിലയ മാതൃകകളെ തള്ളിക്കളയുന്നത് അവയുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവ്, ദൈര്‍ഘ്യമേറിയ നിര്‍മ്മാണ കാലയളവ് എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ്.
മോഡുലാര്‍ റിയാക്ടറുകളുടെ വരവ് വന്‍ പ്രചരണങ്ങളോടെയായിരുന്നു. ലോകത്തിലെ സഹസ്ര കോടീശ്വരന്മാരുടെ വമ്പന്‍നിര പുതിയ സാങ്കേതിവിദ്യയുടെ പ്രചരണത്തിനായി മുന്നിട്ടിറങ്ങി. പ്രൊഫ. രമണ നിരീക്ഷിക്കുന്നു: ”ബില്‍ഡപ്പ് തീവ്രമായിരുന്നു. ന്യൂക്ലിയര്‍ റിയാക്ടര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ സ്വകാര്യമേഖല നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. 2014-ല്‍, ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ NuScale Power: ‘The Future of Small Modular Reactors’ എന്ന ലേഖനത്തിലൂടെ ചെറുകിട ആണവ നിലയങ്ങളുടെ ഭാവിയെ സംബന്ധിച്ച ഒരു സാധ്യത അവതരിപ്പിച്ചു. ഇതില്‍ 2020-35 കാലപരിധിക്കുള്ളില്‍ നൂറുകണക്കിന് ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുമെന്ന് വിഭാവനം ചെയ്തു. ഇതിനുള്ള പ്രചരണങ്ങളും നിക്ഷേപങ്ങളും പരസ്പരം ഉറപ്പിച്ചു.”
ആരാണ് ഈ പദ്ധതികള്‍ക്ക് പിന്നില്‍?
”ഇത്തരം നിക്ഷേപങ്ങള്‍ക്ക് പിന്നിലുള്ളവരില്‍ പലരും ഉയര്‍ന്ന വ്യക്തികളാണ്. ബില്‍ ഗേറ്റ്സും പീറ്റര്‍ തീലും (അമേരിക്കന്‍ വെന്‍ച്വര്‍ കാപിറ്റലിസ്റ്റ്, PayPal-ന്റെ മുന്‍ സിഇഓ) ആണ് മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന പേരുകള്‍. സാം ആള്‍ട്ട്മാനും(OpenAIയുടെ സിഇഓ) എലോണ്‍ മസ്കും ആണവോര്‍ജ്ജത്തില്‍ നിക്ഷേപം നടത്തുന്ന അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റ് പ്രമുഖ ശതകോടീശ്വരന്മാരില് ഉള്‍പ്പെടുന്നു” എന്ന് ഗ്രന്ഥകാരന് ചൂണ്ടിക്കാണിക്കുന്നു.
ചെറുകിട മോഡുലാര്‍ റിയാക്ടറുകളുടെ വക്താക്കള്‍ അതിന്റെ പ്രചരണത്തിനായി കൂട്ടുപിടിക്കുന്നത് ഷുമാക്കറുടെ ‘ചെറുതത്രേ മനോഹം’ എന്ന വാക്കുകളെയാണ്. ഇക്കണോമീസ് ഓഫ് സ്കെയിലിനെ ഉയര്‍ത്തിക്കാട്ടി ചെറുകിട മോഡ്യുലാര്‍ റിയാക്ടറുകളെ പിന്തുണയ്ക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ വാദഗതികള്‍ക്ക് പിന്നില്‍ എത്രമാത്രം വാസ്തവികതയുണ്ടെന്ന് പ്രൊഫ. രമണ വിശദീകരിക്കുന്നു.
”ഒരു സാങ്കല്‍പ്പിക ഉദാഹരണം ഇക്കാര്യം വ്യക്തമാക്കാന്‍ സഹായിച്ചേക്കാം. ഭാവിയില്‍ എപ്പോഴെങ്കിലും 1,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഒരു രാജ്യമോ ഒരു യൂട്ടിലിറ്റി കമ്പനിയോ പ്രതീക്ഷിക്കുന്നതായി സങ്കല്‍പ്പിക്കുക. ഈ പ്രൊജക്റ്റ്ഡ് ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിച്ചു. 1,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വലിയ റിയാക്ടറും 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ചെറിയ റിയാക്ടറുമാണ് അതിന്റെ തിരഞ്ഞെടുപ്പുകള്‍ എങ്കില്‍, 1,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്നത് അഞ്ച് ചെറുകിട പ്ലാന്റുകളോ ഒരു വലിയ പ്ലാന്റോ നിര്‍മ്മിക്കും എന്നാണ് കരുതേണ്ടത്. 200 മെഗാവാട്ട് പ്ലാന്റിന്റെ ചെലവ് 1,000 മെഗാവാട്ട് പ്ലാന്റിനേക്കാള്‍ 2.5 മടങ്ങ് കുറവായിരിക്കാം; പക്ഷേ അഞ്ചിരട്ടി കുറവായിരിക്കില്ല. അപ്പോള്‍, അഞ്ച് ചെറിയ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് ഒരു വലിയ പ്ലാന്റിന്റെ വിലയുടെ ഇരട്ടിയാകും. ഈ അഞ്ച് റിയാക്ടറുകളുടെ പ്രവര്‍ത്തനവും ഇന്ധനവും വലിയ റിയാക്ടറിന്റെ അനുബന്ധ ചെലവിനേക്കാള്‍ ചെലവേറിയതായിരിക്കും. ഇതിനര്‍ത്ഥം ചെറിയ റിയാക്ടറുകളില്‍ നിന്നുള്ള വൈദ്യുതി കൂടുതല്‍ ചെലവേറിയതായിരിക്കും എന്നാണ്”.
വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഈ കണക്കുകള്‍ മുന്നിലുള്ളപ്പോഴും ആരാണ് മോഡുലാര്‍ റിയാക്ടറുകള്‍ക്കായി വമ്പന്‍ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതും അവയ്ക്കായ് പ്രവര്‍ത്തിക്കുന്നതും? സ്പെഷല്‍ പര്‍പ്പസ് അക്വിസഷന്‍ കമ്പനി (Special Purpose Acquisiton Company-SPAC) എന്ന് വിശേഷിപ്പിക്കുന്ന ഷെല്‍ കമ്പനികളാണ് ഇത്തരം പദ്ധതികള്‍ക്ക് പിന്നിലെന്ന് ഗ്രന്ഥകാരന് വിശദീകരിക്കുന്നു:
2021 ഫെബ്രുവരിയിലെ ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂയിലെ ഒരു ലേഖനം വിശദീകരിക്കുന്നു, ”’ടജഅഇകള് ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) വഴി സമാഹരിച്ച പണം ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിയെ ഏറ്റെടുക്കുന്നതല്ലാതെ പ്രവര്‍ത്തനങ്ങളോ ബിസിനസ് പ്ലാനോ ഇല്ലാത്ത ഷെല്‍ കമ്പനികളാണ്. മുന്‍കൂര്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്ലാതെ കമ്പനി ഒരു ഐപിഒയിലൂടെ കടന്നുപോകുന്നതിനാല്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിന് വേണ്ട രേഖകളൊന്നും അത് നല്‍കുന്നില്ല. ആണവോര്‍ജ്ജത്തിന്റെ പ്രശ്നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പുതിയ റിയാക്ടര്‍ ഡിസൈനുകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ ഈ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കാണാന്‍ കഴിയും.
എന്നാല്‍ പിന്നീട്, ഷെല്‍ കമ്പനി മറ്റൊരു കമ്പനിയുമായി ലയിക്കുമ്പോള്‍, രണ്ടാമത്തേത് ഫലപ്രദമായി ഒരു പൊതു കമ്പനിയായി മാറുന്നു. അഴിമതികളില്‍ നിന്നും അമിത അപകടസാധ്യതകളില്‍ നിന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള പരിശോധനകള്‍ നടത്താതെയായിരിക്കും ഈ വേഷപ്പകര്‍ച്ച!! യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് പോലും SPAC ഇടപാടുകളിലെ വളര്‍ച്ചയെക്കുറിച്ച് ആശങ്കാകുലരാണ്.
കാലാവസ്ഥാ പ്രതിസന്ധിയെ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റാമെന്ന് ആണവ വ്യവസായികള്‍ തിരിച്ചറിയുന്നിടത്താണ് പുതിയ ആശയങ്ങള്‍ കടന്നുവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകള്‍ തന്നെ ഈ വ്യവസായത്തിന്റെ നടത്തിപ്പുകാരായി മാറുകയും അതിന്റെ പ്രചരണം ഏറ്റെടുക്കുകയും ചെയ്യുന്നതും നമ്മള് കാണുന്നു. ദക്ഷിണേഷ്യന്‍-ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ് അവരുടെ വിപണി.
ഇന്ത്യയില്‍ അതിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 6780 മെഗാവാട്ടില്‍ നിന്നും 2031ഓടെ 22,480 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് 2023 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. 8 വര്‍ഷത്തിനുള്ളില്‍!!! എങ്ങിനെയെന്ന് ചോദിക്കരുത്. ആദരണീയ ശാസ്ത്രജ്ഞന് ഹോമി ജെ.ജെ.ഭാഭ തൊട്ടുള്ളവര്‍ കണ്ട ആണവ സ്വപ്നങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നും ചോദിക്കരുത്. കാരണം ആണവ കടങ്കഥകളില്‍ ചോദ്യങ്ങളില്ലതന്നെ.
എന്തുതന്നെയായാലും പ്രതിസന്ധിയെ അവസരങ്ങളാക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ് ഭരണ-കച്ചവട മേഖലകളില്‍ എന്ന് ഓർമ്മിക്കുക..
കാലാവസ്ഥാ പ്രതിസന്ധിക്ക് ആണവ മരുന്നെന്ന പുത്തന്‍ മുദ്രാവാക്യത്തിന്റെ പൊള്ളത്തരങ്ങളെ വസ്തുതകളെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്ന, ആണവോര്‍ജ്ജ പഠന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള പ്രൊഫ. എം.വി.രമണയുടെ പുസ്തകം ആണവലോബിയുടെ പ്രചരണതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിന് അസാധാരണമായ വിധത്തില്‍ സഹായകമാണ് എന്ന് മാത്രം പറയാനാഗ്രഹിക്കുന്നു.
( അവസാനിച്ചു .)
തിരുവനന്തപുരം: ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ്…
തിരുവനന്തപുരം: പെൻഷൻകാരുടെ ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കുക, പെൻഷൻ പരിഷ്കരണം…
തിരുവനന്തപുരം:വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കുന്നതിനുംസിവിൽ സർവ്വീസിന്റെസംരരക്ഷണത്തിനുമായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്കിൽ കേരളത്തിലെ…
തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയ്ക്ക്…
വിതുര: തലത്തുത്തക്കാവിൽ കാട്ടാനയുടെ ആക്രമണം. റബര്‍ ടാപ്പിംങ് തൊഴിലാളി ശിവാനന്ദൻ കാണി (46) യെയാണ് ആക്രമിച്ചത്. പരുക്കേറ്റയാളെ വിതുര താലൂക്ക്…
പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികൾ. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി…