എറണാകുളം: പ്രതിദിനം വർദ്ധിക്കുന്ന യാത്രാക്ലേശത്തിന് അറുതി വരുത്തുന്നതിന് മണിക്കൂറിൽ കുറഞ്ഞത് ഒരു മെമു വീതം എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഓടേണ്ടതുണ്ട്. നിലവിലെ 8 കാർ മെമു ട്രെയിനുകൾ 12 / 16 കാർ ആയി മാറ്റേണ്ടതുമുണ്ട്. ഇതെല്ലാം സാധ്യമാകണമെങ്കിൽ കൊല്ലത്തെ മെമു ഷെഡ് വികസിപ്പിച്ചേ മതിയാകൂ. അതിനു വേണ്ട ഫണ്ട് റെയിൽവേ അനുവദിച്ചിട്ടുള്ളതായും അറിയുന്നു. എന്നാൽ വികസനത്തിനാവശ്യമായ സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൊല്ലം കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ തുടർപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. കേരളത്തിൽ ആകെ 2 മെമു ഷെഡ് മാത്രമുള്ളതിൽ ഒന്നാണ് കൊല്ലത്തുള്ള മെമു ഷെഡ് എന്ന പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. വികസനമുരടിപ്പ് തുടരുകയാണെങ്കിൽ മെമു ഷെഡ് കേരളത്തിനു തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കോർപ്പറേഷൻ റെയിൽവേ അധികൃതർ സംയുക്തമായി കൊല്ലത്തിൻ്റെ ബഹുമുഖ വളർച്ച സാധ്യമാക്കുന്ന മെമു ഷെഡ് വികസനം അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസിൻ്റെ സംസ്ഥാന സമിതി യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ എല്ലാ ജനപ്രതിനിധികളും മാധ്യമങ്ങളും പൊതു സമൂഹവും ഇടപെടണമെന്നും യോഗം അഭ്യർത്ഥിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.