ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് ഒരൊറ്റക്കോളം ചരമ വാര്‍ത്തയിലാണ് സബീനാ പോളിന്റെ ജീവിതം അവസാനിച്ചതറിഞ്ഞത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ജോയിന്റ് ഡയറക്ടറായി വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. വയസ് അറുപത്തിയാറ്. ഭര്‍ത്താവ് പരേതനായ അഡ്വ. കെ എ അഷ്‌റഫ്. 2009-ആഗസ്റ്റിലാണ് സമകാലിക മലയാളം വാരികയില്‍ സബീന പോളിന്റെ വിവാദജീവിതം റിപ്പോര്‍ട്ട് ചെയ്യാനായി അവരെ കാണുന്നത്. അന്ന് അവര്‍ പാലക്കാട് കോര്‍പ്പറേഷന്‍ സെക്രട്ടറി. അതുവരെയുള്ള പതിനെട്ട് വര്‍ഷത്തെ തദ്ദേശ വകുപ്പിലെ ജോലിയ്ക്കിടയില്‍ പത്തൊന്‍പത് തവണ സ്ഥലംമാറ്റം കിട്ടിയ കഥയറിയാനാണ് അവരെ കാണുന്നത്. സര്‍ക്കാര്‍ ഉദ്യാഗസ്ഥയുടെ പരിമിതികള്‍ പലതും തുറന്നു പറയുന്നതില്‍ പിന്നോട്ട് വലിച്ചെങ്കിലും, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചെര്‍ന്നു നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ ഒരേകദേശ ചിത്രം വാക്കുകളിലൂടെ വരച്ചുകാട്ടി. അഴിമതിയ്‌ക്കെതിരായ അവരുടെ കര്‍ശന നിലപാടുകള്‍ അധികാരികളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. 1991-ലാണ് സബീന സര്‍വ്വീസില്‍പ്രവേശിക്കുന്നത്. ആറ്റിങ്ങള്‍ മുന്‍സിപ്പാലിറ്റിയില്‍. അന്നത്തെ മുന്‍സിപ്പല്‍ ചെയര്‍മാന്‍, സി.പി.എം നേതാവ് ഡി.ജയറാം,മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ രംഗത്തുവന്നത് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. പ്രമുഖനായൊരു സമുദായ നേതാവ് തന്റെ സിനിമാ തിയേറ്ററിലേക്ക് മുന്‍സിപ്പല്‍ ഉദ്യാഗസ്ഥരെ പരിശേധനയ്ക്ക് പ്രവേശിപ്പിക്കാതിരുന്നപ്പോള്‍ തിയേറ്റര്‍ അടയ്ക്കാന്‍ അവര്‍ ഉത്തരവ് നല്‍കി. അറ്റിങ്ങലിലെ നടപടികള്‍ ആദ്യത്തെ സ്ഥലം മാറ്റത്തില്‍ കലാശിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ സംഘടന കാസര്‍കോട്ട് യോഗം ചേര്‍ന്ന് അവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമ്മേളന സ്ഥലത്തുനിന്ന് പിരിയില്ല എന്നു പ്രഖ്യാപിച്ചു. യു.ഡി.എഫ് ഭരണമായിരുന്നു അന്ന്. സി.ടി അഹമ്മദാലി വകുപ്പ് മന്ത്രി. 1994-ല്‍ ഫിനാന്‍സ് കമ്മീഷന്‍ രൂപം കൊണ്ടപ്പോള്‍ അതില്‍ അംഗമാക്കി. ഒന്നരവര്‍ഷത്തിനു ശേഷം സര്‍വീസില്‍ തിരികെ കയറി. കുറച്ചു മാസം മാത്രം അവിടെ. പിന്നീട് നെടുമങ്ങാട്ടേക്ക് സ്ഥലം മാറ്റം. നബീസാ ഉമ്മാള്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍. അവിടെ കരാറുകാരും എന്‍ജിനിയറുമാരും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പ്ലാന്‍ ഫണ്ടില്‍ കരാറുകാര്‍ തീര്‍ക്കുന്ന ജോലി എന്‍ജിനിയര്‍മാര്‍ കൃത്യമായി നിരീക്ഷിക്കാത്ത് ചോദ്യം ചെയ്തതാണ് സബീനയ്‌ക്കെതിരെ അവര്‍ തിരിയാന്‍ കാരണം. കരാറുകാരുടെ സ്വാധീനം അവിടെ വിജയം കണ്ടു അവിടെന്നും മാവേലിക്കരയിലേക്ക്. 1997-ല്‍ മാവോലിക്കരയില്‍. അവിടെനിന്നും തിരവനന്തപുരത്ത് ട്രിഡയില്‍. ഫിനാന്‍സ് ഓഫീസര്‍ എന്നായിരുന്നു പോസ്റ്റ്. എസ്.സുശീലനും ജയന്‍ ബാബുവും ചെയര്‍മാന്മാര്‍ ആയിരുന്ന കാലം. അവിടെ ഉദ്യാഗസ്ഥരായിരുന്നു വില്ലന്മാര്‍. ഫയലുകള്‍ അവര്‍കാണാതെ പറന്നു നടന്നു. പിന്നീട് കായംകുളം മുന്‍സിപ്പാലിറ്റിയില്‍. ചന്ദ്രികാ ദേവിയായിരുന്നു മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ അവിടെനിന്നും മൂന്നുമാസത്തിനുശേഷം മാവേലിക്കരയിലേക്ക്. മരാമത്ത് പണികള്‍ക്ക് ഒരാള്‍ക്കുതന്നെ ടെന്‍ണ്ടര്‍ നല്‍കുന്നത് തടഞ്ഞ് റീ-ടെണ്ടര്‍ വിളിക്കാന്‍ സബീന ആവശ്യപ്പെട്ടപ്പോള്‍ കൗണ്‍സില്‍ ഒന്നാകെ തിരിഞ്ഞു. 1994-ലെ മുന്‍സിപ്പല്‍ ആക്ട് 48(6) എന്ന അവസാനത്തെ ആയുധമെടുത്ത് കൗണ്‍സില്‍ സെക്രട്ടറിക്കെതിരെ അവിശ്വാസം അവതരിപ്പിച്ചു. സര്‍ക്കാര്‍ അവരെ വീണ്ടും കായംകുളത്തേക്ക് മാറ്റി. കായംകുളത്തെ ചന്തലേലത്തില്‍ വന്‍ തുക കുടിശ്ശിക വരുത്തിയ വ്യാപാരികളില്‍ നിന്നും തുക തിരിച്ചെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിവാദമായി. പക്ഷേ, കായംകുളത്ത് ഭൂരിപക്ഷം കൗണ്‍സിലര്‍മാര്‍ അവര്‍ക്കൊപ്പം നിന്നെങ്കിലും മുസ്ലീം ലീഗിന്റെ രണ്ട് അംഗങ്ങള്‍ ശക്തമായി അവര്‍ക്കെതിരെ നിലയുറപ്പിച്ചു. ചെര്‍ക്കളം അബ്ദുള്ളയായിരുന്നു മന്ത്രി. അവരെ അവിടെനിന്നും മാറ്റി. പിന്നീട് പുനലൂരില്‍. ഷാഹിദ ഷാജഹാനായിരുന്നു ചെയര്‍പേഴ്‌സണ്‍. ജീവനക്കാരെ ആവശ്യത്തിനനുസരിച്ച് വിന്യസിക്കാനുള്ള സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ചത് ചെയര്‍പേഴ്‌സന് പിടിച്ചില്ല. അവര്‍ തിരുവനന്തപുരത്ത് സ്വാധീനം ചെലുത്തി സബീനയെ സസ്പന്റു ചെയ്തു. വകുപ്പ് സെക്രട്ടറി കമാല്‍കുട്ടിയുടെ വക സസ്‌പെന്‍ഷന്‍ ഉത്തരവ്. സബീന കോടതിയെ സമീപിച്ചു. കോടതിയില്‍ അവര്‍തന്നെ ഹാജരായി. കോടതി ഉത്തരവ് തള്ളി. കയ്യില്‍ നിന്നും പണവും സമയവും കണ്ടെത്തി അര്‍ നടത്തിയ പോരാട്ടം വിജയം കണ്ടു. അവിടെനിന്നും തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍. 2004-ല്‍ എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ എത്തുന്നതോടെയാണ് സി.പി.എമ്മുമായി വലിയൊരു ഏറ്റുമുട്ടലിലെത്തുന്നത്. കെ.കെ മോഹനനായിരുന്നു ചെയര്‍മാന്‍. തൃപ്പൂണിത്തുറയിലെ പ്രമുഖ വിപ്‌ളവനേതാവ് കോടികള്‍ സമ്പാദിച്ച റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനധികൃത പാടം നികത്തലിനെതിരെ നടപടി സ്വീകരിച്ചതാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ എതിരാക്കിയത്. ജല സ്രോതസ്സുകളെ അടയ്ക്കുന്ന പാടം നികത്തലുകള്‍ അനുവദിക്കാനാവില്ല എന്നവര്‍ നിലപാടെടുത്തു. അവിടെ നിലം നികത്തുകാര്‍ വിജയിച്ചു. സബീനയെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ചെങ്ങന്നൂരില്‍ ചുമതലയേല്‍ക്കാന്‍ ചെന്ന സബീനകണ്ടത് അവരെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ താഴിട്ടു പൂട്ടിയ ഓഫീസ് മുറിയാണ്. അന്നത്തെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജന്‍ കണ്ണാട്ടിന്റെ നേതൃത്വത്തിലായിരുന്നു നീക്കം. പൂട്ട് പൊളിച്ച് അകത്തുകയറിയ സബീന ആദ്യം ചെയ്തത് ഓഫീസില്‍ വരാതെ ഭരണം നടത്തിയ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുക എന്നതായിരുന്നു. അവിടെയും മാഫിയ വിജയിച്ചു. പെരുമ്പാവൂരിലേക്ക് സ്ഥലം മാറ്റം. ഫാത്തിമാ ബീവിയായിരുന്നു ചെയര്‍ പോഴ്‌സണ്‍. അവിടെയും കല്ലുകടി. കെട്ടിടനിര്മ്മാണത്തിന്റെ മാസ്റ്റര്‍പ്‌ളാന്‍ സംബന്ധിച്ച അധികാരത്തര്‍ക്കമുയര്‍ത്തിയ സബീനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി.റീബ വര്‍ക്കി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍. അഞ്ച് ലക്ഷം രൂപയുടെ സുനാമി സംഭാവന മുക്കിയതിന്റെ അന്വേഷണമാണ് സബീനയ്ക്കു വിനയായത്. അവിടെനിന്നും കൊല്ലം വികസന അതോറിറ്റിയിലേക്ക്(2007-ല്‍ അതോറിറ്റി പിരിച്ചുവിട്ടു). അവിടെ നിന്നും കണ്ണൂരിലേക്ക്. അന്ന് ഫസ്റ്റ്‌ഗ്രേഡ് മുന്‍സിപ്പാലിറ്റി. കോണ്‍ഗ്രസായിരുന്നു ഭരണകക്ഷി. സി.പി.എമ്മിനുവേണ്ടി സബീന രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു കെ.സുധാകരന്റെ വാദം. വൈദ്യുതശ്മശാനത്തിന്റ പേരില്‍ നടന്ന അഴിമതി സബീന കണ്ടെത്തിയതോടെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. സി.പി.എമ്മിന്റെ രാഷ്ട്രീയ പിന്തുണ ആ വിഷയത്തില്‍ അവര്‍ക്കുകിട്ടി. അത് അധികനാള്‍ നിലനിന്നില്ല. കണ്ണൂരിലെ പുതിയ ബസ്റ്റാന്റിന്റെ പേരില്‍ നടന്ന അഴിമതി കണ്ടെത്തിയതോടെ സി.പി.എം അവര്‍ക്കെതിരായി. സ്ഥലംമാറ്റത്തിന് അധികം സമയം വേണ്ടിവന്നില്ല. കിലയിലായിരുന്നു അടുത്ത നിയമനം. അവിടെനിന്നും തിരുവല്ല മുന്‍സിപ്പാലിറ്റിയില്‍. ജേക്കബ് വഞ്ചിപ്പാലം ചെയര്‍മാനായിരിക്കേ അഴിമതിക്കെതിരായി അവര്‍ എടുത്ത നടപടികള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി. അവിടെനിന്നും പാലക്കാട്ടേക്ക്. പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു വകുപ്പ് മന്ത്രി. സബീനയെ അങ്ങോട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ദേവയാനി മന്ത്രിയെ നേരിട്ടു കണ്ടു. മന്ത്രി അത് ചെവികൊണ്ടില്ല. പാലക്കാടും അഴിമതിയ്‌ക്കെതിരായ നിലപാടുമായി സബീന ഉറച്ചു നിന്നു. വിവാദങ്ങള്‍ ആളിക്കത്തി. സബീനയെ അനുകൂലിച്ചും എതിര്‍ത്തും പ്രത്യക്ഷമായ സമരങ്ങള്‍ അരങ്ങേറി. ഒടുവില്‍ തിരുവനന്തപുരത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ആസ്ഥാനത്ത് അവര്‍ക്ക് ഇരിപ്പിടമൊരുക്കി മന്ത്രി പാലൊളി. അവിടെനിന്ന് വിരമിച്ചു. ആ പോരാട്ട ജീവിതമാണ് അവസാനിച്ചത്. സെബാസ്റ്റിയന്‍ പോളിന്റെ സഹോദരിയായിട്ടുകൂടി അവര്‍ക്കെതിരായ സി.പി.എമ്മിന്റെ എതിര്‍പ്പുകള്‍ക്ക് മൂര്‍ച്ചകുറവില്ലായിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിന്‍ മരിച്ചിട്ട് അധിക ദിവസമാകുന്നതിനു മുന്‍പാണ് ഈ വിയോഗം. സമകാലിക മലയാളത്തില്‍ സബീനയുമായുളള അന്നത്തെ കൂടിക്കാഴ്ച കവര്‍ സ്‌റ്റോറിയായിരുന്നു. വിരമിച്ചതിനു ശേഷം ഒരു പുസ്തകം തന്നെ എഴുതാനുണ്ടെന്നു പറഞ്ഞാണ് അന്ന് പിരിഞ്ഞത്. ഒരു പക്ഷേ, സര്‍വ്വീസ് കാലത്തിനിടയില്‍ തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു എന്നതിന്റെ പേരില്‍ ഇത്രയധികം വേട്ടയാടപ്പെട്ട ഉദ്യോഗസ്ഥ വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. മലയാളി അധികം ചര്‍ച്ചചെയ്യാതെ മനപൂര്‍വ്വം ഉപേക്ഷിച്ച ജീവിതമായിരുന്നു അവരുടേത്.
സജി ജയിംസ്.
കേരളത്തിൽ ഇതേ പോലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ കേരളം എന്നേ രക്ഷപ്പെടുമായിരുന്നു. സർവത്ര അഴിമതി കൊടുകുത്തിവാഴുന്ന ഈ മേഖല എന്നെങ്കിലും നന്നാവുമോ? സജി ജയിംസേ താങ്കൾക്ക് നന്ദിയുണ്ട് .ഇത്രയും ധീരയായ ഒരു വനിത ഉദ്യോഗസ്ഥ ഇവിടെ ഉണ്ടായിരുന്നല്ലോ, ഇനിയുമുണ്ട് അവരൊക്കെ മിണ്ടാതിരിക്കുന്നു. ഹോ കഷ്ടം തന്നെ. പരസ്പ്പരം തമ്മിലടിക്കുമ്പോഴും അഴിമതിയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…