ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി
സംഘത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും
ക്യാമ്പുകളിലുള്ളവരെയും ചികിത്സയില്‍ കഴിയുന്നവരെയും ആശ്വസിപ്പിച്ച് പ്രധാമന്ത്രി
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ 11.47ഓടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലേക്കാണ് നേരിട്ടെത്തിയത്. ദുരന്തബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിച്ച ശേഷം കല്‍പ്പറ്റയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ഉണ്ടായിരുന്നു.
ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷം ഉച്ചയ്ക്ക് 12.15 ഓടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും പുറമെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, ടി സിദ്ദീഖ് എംഎല്‍എ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും റോഡ് മാര്‍ഗം ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയിലെത്തി. ഏറെ നേരം ദുരന്തമുണ്ടായ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം നടന്നുകണ്ട അദ്ദേഹം, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവരില്‍ നിന്ന് ഉരുള്‍പൊട്ടലിന്റെ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ നിലനിന്ന സ്ഥലവും ബെയ്‌ലി പാലവും സന്ദര്‍ശിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സൈനികരുമായി സംസാരിച്ചു.
തുടര്‍ന്ന് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തത്തെ അതിജീവിച്ചവരുടെ പ്രതിനിധികളായ ഒന്‍പത് പേരുമായി സംസാരിച്ചു. ദുഖം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ പ്രധാനമന്ത്രിയോട് സംസാരിച്ച അവരുടെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ടകളിടറി വാക്കുകള്‍ മുറിഞ്ഞു. പറയാന്‍ വാക്കുകളില്ലാതെ വിങ്ങിപ്പൊട്ടിയ അവരുടെ തലയില്‍ കൈവച്ചും തോളില്‍ അമര്‍ത്തിപ്പിടിച്ചും കൈകള്‍ ചേര്‍ത്തുപിടിച്ചും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. ഈ മഹാദുരന്തത്തെ അതിജീവിക്കാന്‍ രാജ്യം ഒപ്പുമുണ്ടാവുമെന്ന ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു.
അവിടെനിന്ന്, ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ഹോസ്പിറ്റലിലെത്തിയ പ്രധാനമന്ത്രി, ചികിത്സയില്‍ കഴിയുന്നവരുടെ പ്രതിനിധികളായ നാലുപേരുമായി സംസാരിച്ചു. കുരുന്നുകളെ ചേര്‍ത്തുപിടിക്കുകയും കുശലം പറയുകയും ചെയ്ത അദ്ദേഹം, പരിക്കേറ്റവരെയും കൂടെയുള്ളവരെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.
വൈകിട്ട് നാലു മണിയോടെ കലക്ടറേറ്റിലെത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തില്‍ സംബന്ധിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിജിപി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ പട്ടികയില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയവരുടെ വിവരങ്ങള്‍ ഒഴിവാക്കി. ആരോഗ്യ വകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും മരണമടഞ്ഞവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബന്ധുവീടുകളിലും മറ്റും ഉള്ളവരുടെ വിവരങ്ങള്‍ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും ആശ വര്‍ക്കര്‍മാരും നല്‍കി. ഇതെല്ലാം ഒഴിവാക്കി കാണാതായവരുടെ ആദ്യ കരട് പട്ടിക തയ്യാറാക്കി. മുപ്പതോളം പേര്‍ മൂന്ന് ദിവസം ഈ പ്രവര്‍ത്തനങ്ങളില്‍ അക്ഷീണം കൈകോര്‍ത്തുനിന്നു.
പട്ടിക തയ്യാറാക്കുന്നതും കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും രേഖപ്പെടുത്തുന്നതും ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ഐ.ടി മിഷന്‍ എന്നിവ ഏറ്റെടുത്തു. ഗൂഗിള്‍ സ്‌പ്രെഡ് ഷീറ്റ് വഴി ദിവസേന അപ്‌ഡേറ്റ് ചെയ്തു. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവില്‍ 130 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 90 – 95 ശതമാനം കൃത്യത അവകാശപ്പെടാവുന്ന പട്ടികയാണ് നിലവില്‍ പുറത്തിറക്കിയതെന്ന് അസി. കലക്ടര്‍ പറഞ്ഞു. ദുരന്തം പിന്നിട്ട് ആറുദിവസത്തിനുള്ളില്‍ കാണാതായവരുടെ വിവരങ്ങളടങ്ങിയ പട്ടിക പുറത്തിറക്കാനായി എന്നതും വലിയ നേട്ടമാണ്.
പൊതുജനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന സാഹചര്യത്തിലും കരട് പട്ടികയില്‍ കൂട്ടി ചേര്‍ക്കലും കുറയ്ക്കലുകളും നടക്കുന്നുണ്ട്. ഡി.എന്‍.എ സാമ്പിള്‍ പരിശോധനാ ഫലം വരുമ്പോള്‍ മരിച്ചതായി സ്ഥിരീകരിക്കുന്ന കേസുകളും പട്ടിയില്‍ നിന്ന് ഒഴിവാക്കും. അവരെ മരിച്ചവരുടെ പട്ടികയിലേക്ക് മാറ്റും.
റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ചിത്രം എന്നിവയടങ്ങിയതാണ് കരട് ലിസ്റ്റ്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് വിലയേറിയ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിനെ അറിയിക്കാം. നിരന്തരമുള്ള നിരീക്ഷണത്തിലൂടെ ഈ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ലാ ഭരണകൂടത്തിന്റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും പൊതുഇടങ്ങളിലും മാധ്യമങ്ങളിലൂടെയും കരട് പട്ടിക ലഭ്യമാകും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്‌ക്കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.
വയനാട് ദുരന്തം: സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു.
പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി.
നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി..
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങൾ. ഈ വർഷത്തെ വേനൽക്കാലത്ത് നേരിട്ട ഉഷ്ണതാപം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. കൂടാതെ പെട്ടെന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്.
ഈ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്മെന്റ്, നാഷണൽ സിസ്‌മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈ റെസൊല്യൂഷൻ ഹസാർഡ് അസ്സെസ്റ്റ്മെന്റ് ടൂളുകളും ലാൻഡ് യൂസ് പ്ലാനിംഗ് മാപുകളും ലിഡാർ (LiDAR) അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ എലവേഷൻ മോഡലും ഉപയോഗപ്പെടുത്താവുന്നതാണ്.
സംസ്ഥാന സർക്കാർ കാലാവസ്ഥാ പഠനത്തിനായി 2015 ൽ കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾക്ക് പ്രാദേശികാടിസ്ഥാനത്തിനുള്ള പരിഹാരത്തിനായി ഈ സ്ഥാപനത്തിന്റെ ഗവേഷണ ക്ഷമത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ അതിജീവിക്കാൻ പര്യാപ്തമായ നിർമ്മാണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനും പ്രവർത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാൻ ഈ രണ്ട് സ്ഥാപനങ്ങൾക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്.
വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു. അതിവേഗത്തിലുള്ള പുനർനിർമാണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ ചെറുക്കാനും സംസ്ഥാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണ്.
ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്
ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി ഹാളില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കണം. എച്ച്1എന്‍1, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത വേണം. ലക്ഷണം കണ്ടാലുടന്‍ ചികിത്സ ആരംഭിക്കണം. ജലദോഷമില്ലാത്ത പനി ശ്രദ്ധയില്‍പ്പെട്ടാല്‍ എലിപ്പനിക്ക് ചികിത്സ തേടണം. അടുത്ത രണ്ടാഴ്ചയില്‍ എലിപ്പനി വ്യാപനത്തിനെതിരെ ജാഗ്രതയും പ്രതിരോധവും ശക്തമാക്കണം. ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം.
ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ കഴിഞ്ഞ ആറ് ദിവസമായി കോളുകള്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം ടെലിമാനസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളും ജില്ലാ വനിതാ – ശിശുസംരക്ഷണ ഓഫീസും ശേഖരിച്ച മാനസികാരോഗ്യ പിന്തുണ നല്‍കുന്നതിനാവശ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കും. ചികിത്സ ആവശ്യമായി വരുന്നവരുടെ കൂടി താത്പര്യം പരിഗണിച്ച് ചികിത്സാരീതി തീരുമാനിക്കും.
ക്യാമ്പംഗങ്ങള്‍ക്ക് മാനസിക പിന്തുണ കൊടുക്കുന്ന കൗണ്‍സലര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കണം. ഇവര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. നിലവില്‍ കുഞ്ഞുങ്ങളെല്ലാം അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ്. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള ക്യാമ്പില്‍ സംസ്ഥാന ആരോഗ്യ ഏജന്‍സി മുഖാന്തരം ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭ്യമാക്കാനും വിതരണം ചെയ്യാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. പി റീത്ത എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍ വിവേക് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, മാനസികാരോഗ്യം വിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. കിരണ്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീറ സെയ്തലവി, ആയൂര്‍വേദം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
താല്‍ക്കാലിക പുനരധിവാസം: സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ അഞ്ചംഗ സമിതി
വിദഗ്ധ സംഘം 19ന് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിച്ചതായി മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഒരു ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളും വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
താല്‍ക്കാലിക പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് 24 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ 65 കെട്ടിടങ്ങള്‍ ഉപയോഗ സജ്ജമാക്കിക്കഴിഞ്ഞു. ഇതിനു പുറമെ, അറ്റകുറ്റപണികള്‍ക്കു ശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും താല്‍ക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്. വാടകനല്‍കി ഉപയോഗിക്കാവുന്ന 286 വീടുകള്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്‍പ്പറ്റ, അമ്പലവയല്‍, മുട്ടില്‍ എന്നിങ്ങനെ ആറു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വാടകവീടുകള്‍ കണ്ടെത്താനാണ് തീരുമാനം. കണ്ടെത്തിയ കെട്ടിടങ്ങള്‍ താമസയോഗ്യമാണോ, ആവശ്യമായ വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. വാടക സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഹാരിസണ്‍ മലയാളം കമ്പനി 102 തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കാം എന്നറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സൗകര്യമടക്കമുള്ളവ സമിതി പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കും. താല്‍ക്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ ഓഗസ്റ്റ് 19ന് സന്ദര്‍ശിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
ദുരന്തത്തെ തുടര്‍ന്ന് ഇതുവരെ 229 മരണം സ്ഥിരീകരിച്ചു. 198 ശരീരഭാഗങ്ങള്‍ കണ്ടെത്തി. മൂന്നു മൃതദേഹവും ഒരു ശരീര ഭാഗവും ശനിയാഴ്ച സംസ്‌കരിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 119 രക്തസാമ്പിളുകള്‍ ശേഖരിച്ചു. ജനകീയ തെരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘ്രശീയുംപങ്കെടുത്തു.
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…
ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…