തിരുവനന്തപുരം : അന്തസ്സോടെ ജീവിക്കാനുള്ള അവകാശം വിവേചനരഹിതമായി എല്ലാവർക്കും ഉറപ്പാക്കാൻ കഴിഞ്ഞത് സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കെ. എം. ജോസഫ്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ
സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയിൽ പരാമർശിച്ച അന്തസ്സിനുള്ള അവകാശം വിവിധ വിധിന്യായങ്ങളിലൂടെ എല്ലാവർക്കും പ്രാപ്യമാക്കിയത് കോടതികളാണ്. മതങ്ങളെല്ലാം മനുഷ്യന്റെ അന്തസിന് മുമ്പേ പ്രാധാന്യം നൽകിയിരുന്നു. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് മതങ്ങൾ പഠിപ്പിച്ചു.
മനുഷ്യന്റെ അന്തസ് ഉയർത്തി പിടിക്കാനാണ് എക്കാലവും സുപ്രീം കോടതി ശ്രമിച്ചിട്ടുള്ളത്. ജീവിക്കാനുള്ള അവകാശം എന്നതിനെ അന്തസോടെ ജീവിക്കാനുള്ള അവകാശം എന്ന് വ്യാഖ്യാനിച്ചത് സുപ്രീം കോടതിയാണ്. അന്തസിന് പണക്കാരനെന്നോ പാവപ്പെട്ടവനോ ഉള്ള വ്യത്യാസമില്ലെന്ന് പറഞ്ഞതും സുപ്രീം കോടതിയാണ്. ജീവിക്കുക എന്നതിന് അന്തസോടെ ജീവിക്കുക എന്ന് അർത്ഥം വ്യാഖ്യാനിച്ചതും സുപ്രീം കോടതിയാണ്. ഗുണ മേന്മയുള്ള ജീവിതം എന്നത് വ്യാഖ്യാനിച്ചതും സുപ്രീം കോടതിയാണ്. തൊഴിലിടങ്ങളിലെ അടിമസ്വഭാവം അവസാനിപ്പിക്കാൻ നടപടിയെടുത്തതും സുപ്രീം കോടതിയാണ്. സ്വകാര്യതക്കുള്ള അവകാശം, ആശയപ്രകടനത്തിനുള്ള അവകാശം എന്നിവ ഉയർത്തിപിടിച്ചതും സുപ്രീം കോടതിയാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റത്തിനെതിരെ കർശന നടപടിയെടുത്തതും കുറ്റക്യത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചതും സുപ്രീം കോടതിയാണ്. ട്രാൻസ്ജെൻഡർമാരെ തേഡ് ജെന്റർ എന്ന് സ്ഥിരീകരിച്ച് അവർക്ക് അന്തസോടെ ജീവിക്കാൻ അവകാശം ഉറപ്പാക്കിയതും സുപ്രീം കോടതിയാണ്. സ്ത്രീക്കും പുരുഷനും മാത്രമുള്ള തല്ല അന്തസോടെ ജീവിക്കാനുള്ള അവകാശമെന്ന് സുപ്രീംകോടതി സ്ഥാപിച്ചു. ചെ
ഭിന്നശേഷിക്കാരിയായ ജീജ ഘോഷിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട കേസിലാണ് ഭിന്നശേഷിക്കാരുടെ അന്തസോടെ ജീവിക്കാനുള്ള അവകാശം സുപ്രീം കോടതി ഉയർത്തി പിടിച്ചത്. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന നാഴികകല്ലായ വിധി പാസാക്കിയതും സുപ്രിം കോടതിയാണ്. സ്വവർഗരതി ഉൾപ്പെടെ പ്രായപൂർത്തിയായവർക്കിടയിൽ ഉഭയ സമ്മതത്തോടെ നടക്കുന്ന എല്ലാ ലൈംഗികബന്ധങ്ങളും കുറ്റകരമല്ലാതാക്കിയതും സുപ്രീം കോടതിയാണ്. അന്തസോടെ മരിക്കാനുള്ള അവകാശം സ്ഥാപിച്ചതും സുപ്രീം കോടതിയാണ്.
അന്തസോടെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശങ്ങളുടെ മുഖ്യശിലയെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. പൊതു അധികാരിയിൽ നിന്നുമുണ്ടാകുന്ന അവകാശ ലംഘനങ്ങൾ മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ സമ്മാനം നേടിയ നിയമവിദ്യാർത്ഥികളായ നിധി ജീവൻ, സി രാകേന്ദു മുരളി, ജി.ആർ. ശിവരഞ്ജിനി എന്നിവർക്ക് ജസ്റ്റിസ് കെ.എം. ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.
നിയമ സംഹിതകൾക്ക് അപ്പുറം മനുഷ്യാവകാശങ്ങൾക്ക് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം കോടതിയുടെയോ ഭരണകൂടത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു,
നിയമം കൊണ്ടു മാത്രമല്ല നീതി ബോധമുള്ള സമൂഹത്തിന്റെ സഹായത്തോടെയാവണം മനുഷ്യാവകാശ സംരക്ഷണം നടപ്പാക്കേണ്ടതെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് പറഞ്ഞു.നിയമസമാധാനം പോലീസിന്റെ തോക്കിൻ കുഴലിലാണെന്ന് വിശ്വസിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്ന് പ്രഭാഷകനായ മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് പറഞ്ഞു. നിയമ സെക്രട്ടറി കെ.ജി. സനൽ കുമാർ ആശംസ അർപ്പിച്ചു,
പുതിയ ക്രിമിനൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കേരള സർവകലാശാലാ നിയമ വിഭാഗം മേധാവി ഡോ. സിന്ധു തുളസീധരൻ പ്രഭാഷണം നടത്തി. മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര നന്ദി പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.