Categories: New Delhi

അദാലത്തിലെ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നു-മന്ത്രി എം ബി രാജേഷ്.

വിവിധ ജില്ലകളിലെ തദ്ദേശ അദാലത്തുകളിൽ വ്യക്തികൾ നൽകിയ പരാതികൾ പൊതുചട്ടങ്ങളിലെ മാറ്റത്തിന് വഴി തുറന്നതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്ത് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചട്ടത്തിന്റെയും നിയമത്തിന്റെയും തെറ്റായ വ്യാഖ്യാനം കൊണ്ടോ, യാന്ത്രികമായി വ്യാഖ്യാനിക്കുന്നതുകൊണ്ടോ കുരുക്കിൽ അകപ്പെട്ടയാളുകളെ അതിൽനിന്ന് രക്ഷപ്പെടുത്താനും അവർക്ക് നീതി ലഭ്യമാക്കാനും ഉള്ളതാണ് അദാലത്തെന്ന് മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പൊതുതീരുമാനങ്ങളാണ് അദാലത്തുകളിലെടുത്തത്. ഇളവുകൾ മാനുഷികമായ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ്. എന്നാൽ, എല്ലാ ചട്ടലംഘനങ്ങളും സാധൂകരിച്ച്, നിയമലംഘനങ്ങളെ സാധൂകരിക്കാനുള്ള വേദിയല്ല അദാലത്തുകൾ എന്ന് കൂടി വ്യക്തമാക്കുകയാണ്. ഇതുവരെയുള്ള അദാലത്തുകളിൽ 86 ശതമാനം മുതൽ 90 ശതമാനം വരെ പരാതിക്കാർക്ക് അനുകൂലമായിട്ടാണ് തീർപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി സുപ്രധാനമായ പൊതുതീരുമാനങ്ങൾ അദാലത്തിൽനിന്നുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി, വാടക കുടിശ്ശികയ്ക്ക് കൂട്ടുപലിശ ഈടാക്കുന്നത് ഒഴിവാക്കിയ തീരുമാനം എടുത്തത് അദാലത്തിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്. ഓരോ മാസവും കുടിശ്ശികയിൽ രണ്ട് ശതമാനം പലിശ ചുമത്തുകയും, ഇത് കുടിശികയ്‌ക്കൊപ്പം ചേർത്ത്, അടുത്ത മാസം ഈ പലിശയ്ക്ക് മുകളിൽ വീണ്ടും പലിശ ചുമത്തുകയുമാണ് ചില തദ്ദേശ സ്ഥാപനങ്ങൾ ചെയ്തിരുന്നത്. ഇത് ന്യായമല്ലാത്ത ബാധ്യത നികുതിദായകർക്കും വാടകക്കാർക്കും വരുത്തിവെക്കുന്നു. പലിശ മുതലിൽ ചേർത്ത് അതിന് മേലെ വീണ്ടും പലിശ കണക്കാക്കുന്ന വർഷങ്ങൾ പഴക്കുള്ള തെറ്റായ രീതി പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രയാസങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ കൂടി അദാലത്തിൽ എടുത്തു. കോർപ്പറേഷൻ/മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത് അതിലൊന്നാണ്.
കേരളം അതിവേഗത്തിൽ നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 2035 ആവുമ്പോഴേക്കും കേരളത്തിലെ 95 ശതമാനം ജനസംഖ്യയും നഗരജനസംഖ്യയായി മാറും എന്നാണ് കണക്ക്. അത് ജനങ്ങൾ നഗരങ്ങളിലേക്ക് കുടിയേറുന്നതുകൊണ്ടല്ല, നഗരം ഗ്രാമങ്ങളിലേക്ക് കൂടി പടരുന്നത് കൊണ്ടാണ്. കേരളം ആകെ ഒരു നഗരമായി മാറുകയാണ്. നഗരങ്ങളിൽ ഭൂമി വളരെ ദൗർലഭ്യമുള്ള ഒരു വിഭവമായി മാറുകയാണ്. നഗരപ്രദേശങ്ങളിൽ നിലവിലെ ചട്ടങ്ങൾ വീടുവെക്കുക എന്ന സ്വപ്‌നത്തിന് വിഘാതമായി മാറുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നത്.
സംസ്ഥാനത്ത് 80 ചതുരശ്ര മീറ്റർ വരെയുള്ള സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്ക് 2024-25 വരെയുള്ള വസ്തുനികുതി പിഴപ്പലിശ ഒഴിവാക്കി നൽകാൻ തീരുമാനിച്ചു. ഈ കുടുംബങ്ങൾക്ക് നികുതിയും കുടിശ്ശികയും മാത്രം അടച്ചാൽ മതിയാവും. ഇവയും അദാലത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ്.
60 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും വസ്തുനികുതി ഉണ്ടാകില്ലെന്ന തീരുമാനം എടുത്തു. യുഎ നമ്പറുള്ള കെട്ടിടങ്ങൾക്ക് നിലവിൽ മൂന്ന് ഇരട്ടി നികുതിയാണ് ചുമത്തുന്നത്. അതേസമയം 60 ച. മീറ്ററിൽ താഴെയുള്ള വീടുകളെ നികുതിയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. ഈ ഇളവ് യുഎ നമ്പർ ലഭിച്ച വീടുകൾക്കും ബാധകമാക്കാനാണ് നിർദേശം നൽകിയത്.ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ, ആ തെരുവുമായി ഒന്നര മീറ്റർ അകലം പാലിക്കണമെന്ന നിലവിലെ വ്യവസ്ഥയിൽ ഇളവ് വരുത്തും. അപ്രകാരമുള്ള തെരുവ് അഞ്ചിൽ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കിൽ ആ വഴി പ്രയോജനപ്പെടുത്തുന്ന മുഴുവൻ ഭൂവുടമകളും കെട്ടിട ഉടമകളും എഴുതി നൽകുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ തെരുവിനോട് ചേർന്നുള്ള പ്ലോട്ട് അതിരിൽ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റർ വരെയാക്കി കുറയ്ക്കാവുന്നതാണ് എന്ന ഭേദഗതിയാണ് വരുത്തുക.
അഞ്ച് സെന്റിൽ താഴെയുള്ള ഭൂമിയിലെ വീട് നിർമ്മാണ പെർമിറ്റ് അപേക്ഷ ദേശീയപാതാ സർവീസ് റോഡിലേക്കുള്ള ആക്‌സസ് പെർമിഷൻ ഇല്ലെന്ന കാരണം ചുണ്ടിക്കാട്ടി നിഷേധിക്കരുതെന്ന് നിർദേശിച്ചു. ദേശീയപാത ആക്‌സസ് പെർമിഷൻ വളരെ ദുഷ്‌കരമായ, വളരെ വർഷങ്ങൾ എടുക്കുന്ന കാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുകൾക്ക് യു എ നമ്പറാണ് ലഭിക്കുന്നതെങ്കിൽ പോലും അവസാന ഗഡു അനുവദിക്കാൻ തീരുമാനിച്ചു. ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി പത്ത് വർഷമായിരുന്നത് ഏഴ് വർഷമായി കുറച്ചു. അദാലത്തിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങൾ.
റിയൽ എസ്റ്റേറ്റ് ഡവലപർമാർ നിയമവിരുദ്ധമായി പ്ലോട്ടുകൾ മുറിച്ചുകൊടുക്കുന്നതിനാൽ ചെറിയ പ്ലോട്ടുകൾ എടുത്തവർക്ക് ബിൽഡിംഗ് പെർമിറ്റ് നിഷേധിക്കപ്പെടുന്നുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതു സൗകര്യങ്ങൾ ഇതു വഴി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുന്നു. റിയൽ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യും. ഇത്തരം കേസുകളിൽ ഡെവലപ്പർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌പെഷ്യൽ സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കാനും തീരുമാനമെടുത്തതായും അറിയിച്ചു.
രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ഡോ. വി ശിവദാസൻ എംപി, എംഎൽഎമാരായ കെ വി സുമേഷ്, കെ പി മോഹനൻ, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, റൂറൽ ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ്ബാബു, കേരള മുനിസിപ്പൽ ചെയർമാൻസ് ചേംബർ എക്‌സിക്യൂട്ടീവ് അംഗം പി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെക്രട്ടറി സിഎം കൃഷ്ണൻ, അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ സറീന എ റഹ്‌മാൻ, എഡിഎം കെ നവീൻബാബു, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, എൽ എച്ച് ഡി ചീഫ് എൻജിനീയർ കെ ജി സന്ദീപ് എന്നിവർ സംസാരിച്ചു.

News Desk

Recent Posts

കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഇന്ദുശേഖരൻ നായർ.

കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…

5 hours ago

ലോഗോ പ്രകാശനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്‌. 2025 മാർച്ച് 06 മുതൽ…

6 hours ago

ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ ഒ.

കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു. കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക…

6 hours ago

തിരുവാഭരണഘോഷയാത്ര ഇന്ന് പുറപ്പെട്ടു.

പന്തളം: മകരവിളക്ക് ദിവസം ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര പുറപ്പെട്ടു. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം പുലർച്ചെ…

6 hours ago

സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.

ധൻബാദ്: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ്…

6 hours ago

കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മ മരണപ്പെട്ടു.

കോട്ടയം: ഏറ്റുമാനൂരിൽ കാറും ലോറിയും കുട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാക്കനാട് ഇൻഫോപാർക്ക് സ്വദേശിനി എൽസി മാത്യു (65) ആണ് മരിച്ചത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന…

6 hours ago