സങ്കടകരമാണ് വയനാട് മുണ്ടക്കൈയിലുണ്ടായ വൻ പ്രകൃതിദുരന്തം. വാർത്തകൾ കാണാനും വായിക്കാനും വലിയ വിഷമം. പലപ്പോഴും മനസ്സ് വിങ്ങിപ്പൊട്ടുന്നു. ഉറുമ്പുകളെപ്പോലെ മനുഷ്യർ ചത്തുകിടക്കുന്നതു കാണുമ്പോൾ, ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയും ഭൗതികതയുടെ അർത്ഥശൂന്യതയെപ്പറ്റിയും ഓർത്തോർത്തിരിക്കും.
രണ്ടുനാളായി പ്രവർത്തികളിൽ വ്യാപൃതനാകാനുള്ള ഉത്സാഹം കെടുന്നു. ഉറക്കത്തിൽനിന്ന് ചില ചിത്രങ്ങൾ ഞെട്ടിയുണർത്തുന്നു. വേണ്ടാത്ത വിചാരങ്ങളും ആശങ്കകളും നിസ്സഹായതയും വീർപ്പുമുട്ടിക്കുന്നു.
വയനാട് ചുരം കയറിച്ചെല്ലുമ്പോഴുള്ള ലക്കിടി, വൈത്തിരി, ചുണ്ടേൽ, കൽപ്പറ്റ, മേപ്പാടി, അമ്പലവയൽ, സുൽത്താൻബത്തേരി, മാനന്തവാടി… വയനാടിന്റെ ഓരോ പ്രദേശത്തും എത്രയോവട്ടം ചെന്നെത്തിയിരിക്കുന്നു.
1987ൽ വയനാട് ജില്ലയിലെ ആദിവാസി ഊരുകളിൽ മദ്യവർജ്ജന ബോധവൽക്കരണ സന്ദേശവുമായി പ്രൊഫ. എം.പി. മന്മഥൻ സാർ, പ്രൊഫ. ജി. കുമാരപിള്ള സാർ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം സഞ്ചരിച്ച അനുഭവം ഇന്നും മനസ്സിൽ പച്ചപ്പോടെയുണ്ട്. അന്നൊക്കെ പച്ചപ്പിന്റെയും തണുപ്പിന്റെയും സൗന്ദര്യത്തിന്റെയും അവശേഷിപ്പുകൾ വയനാട്ടിലുണ്ടായിരുന്നു.
പോകപ്പോകെ അവിടുത്തെ ഭൂപ്രകൃതിയെ മനുഷ്യർതന്നെ അട്ടിമറിച്ചുകളഞ്ഞു. വമ്പൻ റിസോർട്ടുകളും വീടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ആ മലനാടിന്റെ ആത്മാവിനെ ചിന്നിച്ചിതറിച്ചു. അതിന്റെയൊക്കെ ഫലമാണ് ഇന്നുണ്ടാകുന്ന ഇത്തരം മഹാദുരന്തത്തിന് നിദാനം.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 2019ൽ മുണ്ടക്കൈ സന്ദർശിച്ചശേഷം പ്രവചിക്കുകയുണ്ടായി; അഞ്ചുവർഷത്തിനുള്ളിൽ ഇവിടെ വൻപ്രകൃതിദുരന്തം സംഭവിക്കുമെന്ന്. അത് ഒട്ടും തെറ്റിയില്ല. അത്രയും ദീർഘദൃഷ്ടിയോ വകതിരിവോ മിടുമിടുക്കന്മാരായ നമ്മുടെ അധികാരവർഗ്ഗത്തിന് ഇല്ലാതെപോയി.
ഓരോ മഴപ്പെയ്ത്തുകാലത്തും കേരളത്തെ ഞെട്ടിച്ചുകൊണ്ട് പ്രകൃതി ഉറഞ്ഞുതുള്ളുന്നു. അപകട മുന്നറിയിപ്പുമായി
വർഷങ്ങളായി പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്നവരുടെ വാക്കുകളെ മഹാഭൂരിപക്ഷം മലയാളികളും പുച്ഛത്തോടെ തള്ളിക്കളഞ്ഞു.
എന്തു സംഭവിച്ചാലും പാഠം പഠിക്കാത്ത, അടങ്ങാത്ത ജീവിതാസക്തിയാൽ ഭൂമിയെ ചൂഷണം ചെയ്ത് വെല്ലുവിളിക്കുന്ന നമ്മെ കാലവും പ്രകൃതിയും പാഠം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നിരപരാധികളായ കുറേ പാവം മനുഷ്യർ ഇതിന്റെയൊക്കെ ശിക്ഷ ഏറ്റുവാങ്ങുന്നു.
വയനാടിന്റെ പച്ചപ്പാർന്ന മലയോരപാതകളിലൂടെ എത്രയോവട്ടം ഞാൻ ബസ്സിലും കാറോടിച്ചും പോയിരിക്കുന്നു. താമരശ്ശേരി ചുരംകയറി കൽപ്പറ്റയിലും ബത്തേരിയിലും മാനന്തവാടിയിലും ദിവസങ്ങളോളം തങ്ങിയിട്ട് വടക്കൻ ചുരമിറങ്ങി കണ്ണൂരിലേക്കുപോയ സന്ദർഭങ്ങൾ ഓർക്കുന്നു. തലശ്ശേരി, കേളകം, കൊട്ടിയൂർ വഴി ചുരംകയറി വയനാട്ടിലേക്ക് തനിയെ വണ്ടിയോടിച്ചു പോയിട്ടുള്ളതൊക്കെ വലിയ ആവേശത്തോടെയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആ ഓട്ടം പലവട്ടമുണ്ടായിട്ടുണ്ട്. വയനാട്ടിലെ സൗഹൃദങ്ങൾ, തേയിലത്തോട്ടത്തിലെ പാഡികളിൽ അന്തിയുറങ്ങിയ നാളുകൾ, മുത്തങ്ങ ആദിവാസി സമരത്തിനുനേരേ വെടിവെപ്പുനടന്നപ്പോ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ എം.ടി. വാസുദേവൻ നായർ, പുനത്തിൽ കുഞ്ഞബ്ദുള്ള, കെ.പി. രാമനുണ്ണി എന്നിവരോടൊപ്പം കാറിൽ ബത്തേരിയിൽ പോയത്, മുട്ടിൽ ഇസ്ലാമിക സ്കൂളിൽ കഥാകൃത്ത് അക്ബർ കക്കട്ടിലിനൊപ്പം പ്രസംഗിക്കാൻ പോയത്, ലൈബ്രറി കൗൺസിൽ പുസ്തകമേളകളിൽ പങ്കെടുക്കാൻ വയനാടൻ ചുരം നിരന്തരം കയറിയിറങ്ങിയത്… ഒക്കെയും ഇപ്പോൾ മനസ്സിലെത്തുന്നു.
വയനാടിനെയോർത്ത്, മുണ്ടക്കൈയിൽ വെള്ളത്തിലും മണ്ണിലും കല്ലിലും ചെളിയിലും ജീവിതം അസ്തമിച്ച മനുഷ്യരെയോർത്ത് ഹൃദയം പിടയുന്നു….
വല്ലാത്ത വേദന.
കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി…
അച്ഛന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് വച്ചു' 'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം…
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ'…
കൊൽക്കത്ത:ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുകയും. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ ദളിതരും ന്യൂനപക്ഷങ്ങളും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും. ഇതിലൂടെ…
തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ്…
മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…