കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ.എ എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് താൻ ഏഴ് ലക്ഷം രൂപ കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് എൻ.എം വിജയന്‍റെ കുറിപ്പിൽ പറയുന്നത്. ബിജു തൊടുവണ്ടി എന്നയാളുടെ കയ്യിൽ നിന്ന് വാങ്ങിയ പണമാണ് ഐ സി ബാലകൃഷ്ണന് നല്‍കിയത്. പണം തിരികെ നൽകാതെ വന്നപ്പോൾ ബിജു ഇക്കാര്യം ഐസി ബാലകൃഷണനോട് തിരക്കിയിരുന്നു. എന്നാൽ ഇത് തിരിച്ചു കൊടുക്കാൻ എംഎൽഎ തയ്യാറായിരുന്നില്ല. പിന്നാലെ രതീഷിൻ്റെയും മുജീബിൻ്റെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് എടുത്തിരുന്നു.കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. എൻ എം വിജയൻ്റെ മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരവെയാണ് ഇക്കാര്യം കൂടി പുറത്തുവരുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.