അമിത് ഷാ രാജിവെയ്ക്കണമെന്ന രാഷ്ട്രപതിക്കുള്ള നിവേദനം കളക്ടര്‍ക്ക് കൈമാറും
ബി.ആര്‍.അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയാവശ്യപ്പെട്ട് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 24-ന് രാജ്യത്തെ ജില്ലാ കളക്ടറേറ്റുകളിലേക്ക് ബാബാസാഹെബ് അംബേദ്കര്‍ സമ്മാന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
അമിത് ഷാ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ മുഖേന രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറും.
അംബേദ്കര്‍ക്കെതിരെ അമിത് ഷാ നടത്തിയ ഹീനമായ വാക്കുകള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരെയും വേദനിപ്പിച്ചു. എന്നാലതില്‍ ഖേദം പ്രകടിപ്പിക്കാന്‍ അമിത് ഷായോ പ്രധാനമന്ത്രിയോ ബിജെപിയോ തയ്യാറായില്ല. പകരം പ്രകോപനപരമായി ന്യായീകരിക്കുകയും അംബേദ്ക്കറുടെ ചിത്രം മാറ്റി സോറോസിന്റെ ചിത്രം പതിപ്പിച്ച് വീണ്ടും അംബേദ്ക്കറെ ബിജെപി അപമാനിക്കുകയും ചെയ്തു. അതിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ബിജെപി ഭരണകൂടം കേസെടുത്തു. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
‘ഭരണഘടനയില്‍ ഭാരതീയമായി ഒന്നുമില്ല’ എന്ന് പറഞ്ഞ് ഭരണഘടനയെ അവഹേളിച്ച ആര്‍എസ്എസിന്റെയും ബിജെപിയുടെയും മനസ്സിലിരിപ്പ് അമിത് ഷായിലൂടെ പുറത്തുചാടി. ഇതൊരു കോണ്‍ഗ്രസ് എംപിയാണ് പറഞ്ഞിരുന്നതെങ്കില്‍ അയാള്‍ക്ക് സ്ഥാനത്ത് തുടരാനാകുമായിരുന്നോ? കോര്‍പ്പറേറ്റ് സ്പോണ്‍സേര്‍ഡ് മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ജനങ്ങളിലേക്ക് ഈ വിഷയം നേരിട്ട് എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും.
26, 27 തീയതികളില്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആയതിന്റെ നൂറാം വാര്‍ഷികം ബല്‍ഗാവിയില്‍ ആഘോഷിക്കുകയാണ്. 26-ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും 27-ന് ജയ് ഭീം ജയ് സംവിധാന്‍ എന്ന പേരില്‍ ബിജെപിയുടെ ഭരണഘടനാ വിരുദ്ധ നടപടികളെ തുറന്നുകാട്ടി റാലിയും നടത്തും. സംസ്ഥാനതലത്തില്‍ റാലികളും, ഗ്രാമങ്ങളില്‍ സമ്മേളനങ്ങളും ഉള്‍പ്പെടെ ഒരുമാസത്തെ പ്രചരണ പരിപാടികളും സംഘടിപ്പിക്കും. ബൃഹത്തായ പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍
പക്ഷപാതപരമായ സംവിധാനമായി മാറി:
തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഇലക്ഷന്‍ കമ്മീഷനെ ബിജെപി പക്ഷപാതപരമായ സംവിധാനമാക്കി മാറ്റി. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷനേതാവ് എന്നിവര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് മുഖ്യകമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ ബിജെപി മാറ്റം വരുത്തി. ചീഫ് ജസ്റ്റീസിന് പകരം കേന്ദ്രമന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്തി. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തെ നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയത് എന്തിനാണ്?
ഹരിയാനയില്‍ അന്തിമ വോട്ടര്‍ ലിസ്റ്റ് കൈമാറാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറായില്ല. ഹൈക്കോടതിയില്‍ നിന്ന് കോണ്‍ഗ്രസിന് അനുകൂല ഉത്തരവ് ലഭിച്ചപ്പോള്‍, ഇലക്ഷന്‍ കമ്മീഷന്‍ ചട്ടം മാറ്റി. മഹാരാഷ്ട്രയിലും അന്തിമ വോട്ടര്‍ ലിസ്റ്റ് കൈമാറാന്‍ തയ്യാറായില്ല. വോട്ടര്‍ പട്ടിക രഹസ്യ സ്വഭാവമുള്ള രേഖയാണോ? തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ നിയമനടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വിജയ രാഘവന്‍ വര്‍ഗ്ഗീയ രാഘവനായിഃ
സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശം പിബിയുടെ നയമാണോയെന്ന വ്യക്തമാക്കേണ്ടത് പ്രകാശ് കാരാട്ടാണ്. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഗുരുതരമാണ്. എല്ലാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് ഭൂരിപക്ഷമുള്ള പഞ്ചായത്തായ തിരുനെല്ലിയില്‍ പോലും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വന്‍ ലീഡ് നേടി. അതും വര്‍ഗീയ വോട്ടാണോ? സ്വന്തം കാലിന് ചുവട്ടിലെ മണ്ണാണ് ഒലിച്ച് പോകുന്നതെന്ന് സിപിഎം മനസ്സിലാക്കുന്നില്ല.
ബിജെപിയെ സന്തോഷിപ്പിക്കുകയാണ് കേരളത്തില്‍ സിപിഎം. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാനുള്ള ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തത്. അത് സിപിഎം അണികള്‍ ഏറ്റെടുക്കില്ല. കാരണം അവര്‍ വയനാട്ടില്‍ വോട്ടുചെയ്തത് രാഹുലിനും പ്രിയങ്കയ്ക്കുമാണ്.കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെല്ലാം വര്‍ഗ്ഗീയവാദികളാണെന്ന് പറഞ്ഞാല്‍, വോട്ട് ചെയ്ത ജനങ്ങള്‍ അത് അംഗീകരിക്കില്ല. വിജയരാഘവന്‍ വര്‍ഗ്ഗീയ രാഘവനായി മാറിയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുകയാണ്. കേരള മുഖ്യമന്ത്രിക്ക് മാത്രം മൗനം. അമിത് ഷാക്കെതിരെ പറയാന്‍ പിണറായിക്ക് പേടിയായിരിക്കും. ഭരണഘടനാ ശില്‍പ്പിയെ അപമാനിച്ചാല്‍ ആദ്യം അതിനെതിരേ മുന്നോട്ട് വരേണ്ടത് പ്രബുദ്ധ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. കേരളത്തിലെ പി.ബി. അംഗങ്ങളും തയ്യാറായില്ല. പകരം അംബേദ്കറെ അപമാനിച്ച ബിജെപിക്കെതിരെ പ്രതിഷേധിക്കുന്ന രാഹുല്‍ ഗാന്ധിയെ ക്രൂശിക്കുകയാണ് സിപിഎം. ഇത് പി.ബി അംഗീകരിക്കുന്നുണ്ടോ?
സാമുദായിക നേതാക്കന്മാര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ല. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ഒരു മതാദ്ധ്യക്ഷനെയും അപമാനിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കുറിച്ചുള്ള സിപിഎമ്മിന്റെ അജണ്ടയാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസുകാര്‍ വീഴില്ല. കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഒന്നിനെയും നിഷേധിക്കില്ല. എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്. സംഘടനാപരമായ തീരുമാനങ്ങളില്‍ അവസാനവാക്ക് പാര്‍ട്ടി നേതൃത്വമാണെടുക്കുന്നത്. വെള്ളാപ്പള്ളി നടേശനുള്ള മറുപടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ മറുപടി പറയാന്‍ താനുദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന പുനഃസംഘടനയുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷനാണ് മറുപടി പറയേണ്ടതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
വാര്‍ത്തനല്‍കിയതിന്റെ പേരില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന മോദീ ഭരണകൂടത്തിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ ഒടുവിലേത്തേതാണ് മാധ്യമം ലേഖകനെതിരായ പോലീസ് നടപടി. മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശൈലിയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്റെ ഐക്യത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. സംസ്ഥാനങ്ങളിലെ സമവാക്യങ്ങളില്‍ മാറ്റങ്ങളുണ്ട്; എന്നാലത് ദേശീയ ഐക്യത്തെ ബാധിക്കുന്നതല്ല. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഇന്ത്യാ മുന്നണി ഒന്നിച്ചു നില്‍ക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കൊല്ലം:തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണ മന്ദിരത്തിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ സഹധർമ്മിണി ലീലാമ്മാൾ(82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 മുളങ്കാടകം ശ്മശാനത്തിൽ…
അഞ്ചൽ: പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മലമേൽ തമ്പുരാട്ടിയാണ്. കിഴക്കൻ മേഖലയുടെ പ്രധാന ടൂറിസം കേന്ദ്രമായി മാറി കഴിഞ്ഞു മലമേൽ. ധാരാളം…
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ കടത്തി കൊണ്ട് വന്ന നിരോധിത…
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍…
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, വയനകം, കൈപ്പള്ളില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ തരുണ്‍ ആണ് ഓച്ചിറ…
തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് കണ്ടെത്താൻ സാധിച്ചില്ല രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും,കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം…