കേരള സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചന നടപടിക്കെതിരെ സി പി ഐയുടെ ശക്തമായ പ്രതിഷേധം

കേരള സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചന നടപടിക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശക്തമായ പ്രതിഷേധം കേന്ദ്രധനകാര്യമന്ത്രിയെ അറിയിച്ചു. 3300 കോടിരൂപയുടെ വായ്പാ പരിധി കുറയ്ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപകാല തീരുമാനം വയനാട് പ്രകൃതി ദുരന്തങ്ങള്‍ക്കടക്കം പണം കണ്ടെത്തേണ്ട പ്രത്യേക സാഹചര്യത്തില്‍ ഒട്ടും നീതികരിക്കാനാകുന്ന നടപടിയല്ല എന്നും അദ്ദേഹം പറഞ്ഞു.കേരളം മാതൃകാപരമായ സാമ്പത്തിക അച്ചടക്കം പ്രകടമാക്കുകയും സ്വന്തം വരുമാനത്തിന്റെ അറുപത്തിമൂന്ന് ശതമാനത്തിലധികം സൃഷ്ടിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് എന്നും ബിനോയ്‌വിശ്വം അഭിപ്രായപ്പെട്ടു. മാനുഷിക വികസന സൂചികയില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. എന്നിട്ടും കേന്ദ്ര നികുതികളുടെ വിഭജിക്കാവുന്ന നികുതി വിഹിതം 3.875 ശതമാനത്തില്‍ നിന്നും 1.925 ശതമാനമായി കുറച്ചു. സംസ്ഥാനത്തിനുള്ള ജി എസ് ടി നഷ്ടപരിഹാരവും നിര്‍ത്തി വച്ചു. കിഫ്ബി, കെ എസ് എസ് പി എല്‍ പോലുള്ള ഏജന്‍സികളുടെ നിയമാനുസൃതമായ ക്ഷേമ വായ്പകള്‍ സംസ്ഥാന കടമായി കണക്കാക്കുന്ന നടപടിയും ശരിയല്ല എന്നും ഇത് സംസ്ഥാനത്തിന്റെ വികസന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.കേന്ദ്ര സര്‍ക്കരിന്റെ രാഷ്ട്രീയ പ്രേരിതമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഫെഡറലിസത്തിന്റെ അടിസ്ഥാന ശിലയായ സഹകരണ മനോഭാവം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ അസാധാരണമായ മുന്നേറ്റങ്ങള്‍ നടത്തി. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി പക്ഷപാതപരവും ശിക്ഷാര്‍ഹവുമായ ഈ സമീപനം ഉപേക്ഷിക്കണമെന്നും ബിനോയ് വിശ്വം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത് ദാനധര്‍മമല്ല എന്നും ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. വിവേചനപരമായ ഇത്തരം നടപടികള്‍ ഉടന്‍ പിന്‍വലിച്ച് സംസ്ഥാനവുമായുള്ള സാമ്പത്തിക ഇടപെടലില്‍ നീതിപൂര്‍വമായതും തെളിമയാര്‍ന്നതുമായ സമീപനം സ്വീകരിക്കണമെന്നും സി പി ഐ സെക്രട്ടറി കേന്ദ്ര ധനകാര്യ മന്ത്രിക്കെഴുതിയ കത്തില്‍ ശക്തിയായി ആവശ്യപ്പെട്ടു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading