
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4 മണിക്ക് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8 ന് വൈകുന്നേരം 4 മണിക്ക് രാജ് ഭവന് മുന്നിൽ ബഹുജന ശൃംഖല സൃഷ്ടിക്കും. .സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യും. ബഹുജന ശൃംഖലയുടെ മുന്നോടിയായി ഖനന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച വർക്കല മുതൽ പൊന്നാനി വരെ ഏപ്രിൽ 22 മുതൽ 24 വരെ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസിന്റെ നേതൃത്വത്തിൽ കടൽ സംരക്ഷണ യാത്ര സംഘടിപ്പിക്കും. ഫെഡറേഷൻ സംസ്ഥാന ജന സെക്രട്ടറി ടി.രഘുവരൻ വൈസ് ക്യാപ്റ്റനും വർക്കിങ് പ്രസിഡന്റ് സോളമൻ വെട്ടുകാട് ജാഥാ ഡയറക്റ്ററുമായിരിക്കും.ടൈസൺ മാസ്റ്റർ എംഎൽഎ ,എൽസബത് അസീസി,എം.കെ.ഉത്തമൻ,ഹഡ്‌സൺ ഫെർണാഡസ്,വി.ഒ.ജോണി,കെ.സി.രാജീവ്,കെ.രാജീവൻ,ഡി.ബാബു,ജിതേഷ് കണ്ണപുരം എന്നിവരാണ് ജാഥാ അംഗങ്ങൾ.
ഏപ്രിൽ 22 ന് രാവിലെ 9 മണിക്ക് മുതലപ്പൊഴിയിൽ നിന്നും എ.ഐ.ടി.യു.സി സംസ്ഥാന ജന സെക്രട്ടറി കെ.പി.രാജേന്ദ്രൻ കടൽ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യും.
കേരളത്തിൻ്റെ സർവ്വനാശത്തിന് കാരണമാകുന്ന കടൽ മണൽ ഖനന പദ്ധതിയ്‌ക്കെതിരെ ഉയർന്ന് വന്ന പ്രതിഷേധങ്ങൾ അവഗണിച്ച് ഖനന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന കേന്ദ്ര ഖനി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ഖനനത്തിന് ടെൻഡർ എടുക്കുന്ന കമ്പനികൾ പാരിസ്ഥിതിക പഠനത്തിനുള്ള ഏജൻസികളെ തീരുമാനിക്കുമെന്ന പ്രഖ്യാപനവും തീരദേശ ജനതയെ അപമാനിക്കുന്നതാണ്.
പൊന്നാനി, ചാവക്കാട്, ആലപ്പുഴ – അമ്പലപ്പുഴ , കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നീ സെക്ടറുകളിൽ 745 ദശ ലക്ഷം കടൽ മണൽ ഖനനം ചെയ്യുന്നതിനാണ് നീക്കം.
കൊല്ലത്ത് 242 ചതുരശ്ര കിലോ മീറ്ററിൽ 302.5 ദശലക്ഷം ടൺ മണൽ ഖനനം ചെയ്യുന്നതിനാണ് ഇപ്പോൾ ടെൻഡർ നൽകിയിരിക്കുന്നത്.ഇത് ഉടൻ റദ്ദാക്കണം.
ആയിരത്തോളം ബോട്ടുകളും,അഞ്ഞുറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻബോർഡ് എൻജിനുകളും കൊല്ലം പരപ്പിനെ ആശ്രയിക്കുന്നു.ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളുടേയും ഉപജീവന മാർഗ്ഗമാണിത്.കടൽ മണൽ ഖനനം ആരംഭിക്കുന്നതോടെ കടൽ തീരം ഇടിയുകയും
തീര ശോഷണം നേരിടുന്ന കേരളത്തിൻ്റെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുകയും ചെയ്യും.
നാടിൻറെ ഭക്ഷ്യ സുരക്ഷയിൽ പ്രധാന പങ്ക് മത്സ്യ മേഖലയ്‌ക്കുണ്ടെന്ന യാഥാർഥ്യവും കേന്ദ്ര സർക്കാർ വിസ്മരിക്കുകയാണ്.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകര ചുങ്കം മത്സ്യമേഖലയ്ക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.മത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ കുറ്റകരമായ നിസ്സംഗത പാലിക്കുകയാണ്.
ഇപ്പോൾ പ്രഖ്യാപിച്ച 26 ശതമാനം പകര ചുങ്കം ആൻ്റി ഡംപിങ് ഡ്യൂട്ടി ഉൾപ്പെടെയുള്ള ഇനങ്ങൾ കൂടി ചേർന്നാൽ 34 ശതമാനത്തിലധികമാകും. കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യൻ കടലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നേരത്തെ അമേരിക്ക വിലക്ക് കൽപ്പിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള മത്സ്യ വിഭവങ്ങളുടെ കയറ്റുമതിയിൽ 66 ശതമാനം ചെമ്മീൻ ഉൽപ്പന്നങ്ങളായതു കൊണ്ട് തന്നെ പകര ചുങ്കം മൂലം ചെമ്മിൻ്റെ വില ഇടിയുന്ന സ്ഥിതിയും തന്മൂലം മത്സ്യ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്തിട്ടുണ്ട്. ഇതിന് പരിഹാരം കാണുവാൻ കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം.
വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം തീരദേശ ജനതയെ കബളിപ്പിക്കുന്നതിനായിരുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജുവിൻ്റെ പ്രതികരണത്തിലൂടെ തെളിഞ്ഞു. ക്രിസ്‌ത്യൻ മതവിഭാഗത്തെ കണ്ണുകെട്ടി കളിപ്പിക്കാൻ വഖഫ് നിയമത്തിൻ്റെ പേരിൽ തന്ത്രങ്ങൾ മെനഞ്ഞ കേന്ദ്ര സർക്കാരാണ് ഈ കൊടും വഞ്ചനയുടെ കാര്യസ്ഥന്മാർ. അവർ ഒരുക്കിയ കെണിയിലേക്ക് ക്രിസ്തീയ മതവിശ്വാസികളെ ആട്ടി തെളിയിക്കാൻ ശ്രമിച്ച ചില പുരോഹിത മേധാവികൾ ഈ വഞ്ചനയ്ക്ക് അറിഞ്ഞോ അറിയാതെയോ കുടപിടിച്ചുവെന്നത് യാഥാർത്ഥ്യമാണ്.
മുതലപൊഴിയിൽ മണൽ നീക്കം നടത്തുന്നതിനും മത്സ്യ തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. ഈ ആവശ്യം മുൻ നിർത്തി മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.