സംസ്ഥാനത്തെ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യത*

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി

 

സംസ്ഥാനത്തെ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യത

 

രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

 

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടിയിലധികം ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ 10 പദ്ധതികളില്‍ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധവും കാന്‍സര്‍ പ്രതിരോധവും. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തി. ഇത്തരത്തില്‍ കണ്ടെത്തിയ ആളുകളില്‍ ആദ്യഘട്ടത്തില്‍ 1.5 ലക്ഷം ആളുകളും രണ്ടാം ഘട്ടത്തില്‍ 40,000 പേരും മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് തയ്യാറായത്. സ്‌ക്രീനിംഗില്‍ കണ്ടെത്തിയ ഭൂരിപക്ഷം പേരും കാന്‍സര്‍ തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

ഓരോ വ്യക്തിയ്ക്കും വാര്‍ഷിക ആരോഗ്യ പരിശോധന നടത്തി രോഗാതുരത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാല്‍ ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുത്തവരെ കൂടി ഉള്‍ക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തില്‍ രക്താതിമര്‍ദം, പ്രമേഹം, കാന്‍സര്‍, ടിബി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഈ രോഗങ്ങള്‍ക്കൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്‌നം, കേള്‍വി പ്രശ്‌നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു. സ്‌ക്രീനിംഗില്‍ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

ശൈലി രണ്ട് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 1 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 44.85 ശതമാനം പേര്‍ക്ക് (45,00,077) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവില്‍ രക്താതിമര്‍ദം മാത്രമുള്ള 13,39,455 (13.35 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 8,85,051 (8.82 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 6,01,958 പേരുടേയും (6 ശതമാനം) ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി. കാന്‍സര്‍ സാധ്യതയുള്ള 2,03,506 പേരെ (2.03 ശതമാനം) കണ്ടെത്തി തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 39,889 പേരെ വായിലെ കാന്‍സറും 1,25,985 പേരെ സ്തനാര്‍ബുദവും 45,436 പേരെ ഗര്‍ഭാശയഗള കാന്‍സറും സംശയിച്ചാണ് റഫര്‍ ചെയ്തത്.

 

2,42,736 പേരെ ടിബി പരിശോധനയ്ക്കായും 3,87,229 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 97,769 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 1,61,494 പേരേയും 33,25,020 വയോജനങ്ങളേയും സന്ദര്‍ശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു. പുതുതായി ഉള്‍പ്പെടുത്തിയവയില്‍ 2,50,288 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 30,69,087 പേരെ കാഴ്ച പരിശോധനയ്ക്കായും 4,18,385 പേരെ കേള്‍വി പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 2,21,230 വയോജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. 1,29,753 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫര്‍ ചെയ്തു.

 

ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ നിയന്ത്രിക്കാന്‍ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങള്‍ വരാതെ നോക്കാനും സാധിക്കുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജനകീയ ക്ലബ്ബുകള്‍ വഴി ജീവിതശൈലീ മാറ്റത്തിനുള്ള ഇടപടലുകള്‍ നടത്തുന്നു. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര ഡയബറ്റീസ് കോണ്‍ക്ലേവ് സംഘടിപ്പിച്ച് അതിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.