തിരുവനന്തപുരം: ക്യാമറയുടെ പിന്നില്‍ നിന്ന തന്നെ സംവിധാനരംഗത്തേക്ക് കൈപിടിച്ചുനയിച്ച മഹാരഥനായിരുന്നു എസ്.ജയചന്ദ്രന്‍ നായര്‍ എന്ന് പ്രശസ്ത സിനിമാ സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍ പറഞ്ഞു.
ബെംഗളുരുവില്‍ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കലാകൗമുദി പത്രാധിപരുമായിരുന്ന എസ്.ജയചന്ദ്രന്‍ നായരെ അനുസ്മരിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി എന്‍. കരുണ്‍.
പിറവി, സ്വം എന്നീ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ റിസ്‌ക് എടുത്താണ് ജയചന്ദ്രന്‍ നായര്‍ ലക്ഷങ്ങളുടെ വായ്പ ശരിയാക്കി തന്നതെന്നും ആ സിനിമകള്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിനൊപ്പം കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്തതായി ഷാജി എൻ.കരുൺ അനുസ്മരിച്ചു.
തനിക്ക് പ്രത്യേക കരുതലും തണലുമായിരുന്നു ജയന്‍ എന്നു വിളിച്ചിരുന്ന ജയചന്ദ്രന്‍ നായര്‍ എന്ന് നോവലിസ്റ്റ് ജോര്‍ജ് ഓണക്കൂര്‍ ചൂണ്ടിക്കാട്ടി.
കലാകൗമുദിയിലും സമകാലിക മലയാളത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലുമുള്ള യുവാക്കളെ പ്രോത്സാഹിപ്പിച്ചിരുന്ന അപൂര്‍വ പ്രതിഭയായിരുന്നു ജയചന്ദ്രന്‍ നായരെന്ന് മുന്‍ സ്പീക്കർ എം. വിജയകുമാര്‍ ഓര്‍മ്മിച്ചു. തന്നിലെ കവിയെ കണ്ടെത്തി കവിതകള്‍ നല്‍കി വളര്‍ത്തിയ പത്രാധിപരായിരുന്നു ജയചന്ദ്രന്‍ നായരെന്ന് മുന്‍ മന്ത്രി പന്തളം സുധാകരന്‍ പറഞ്ഞു. സാഹിത്യത്തിന്റെ രംഗത്ത് പുതിയ ഭാവുകത്വം വളര്‍ത്താന്‍ ശ്രമിച്ച പത്രാധിപരായിരുന്നു അദ്ദേഹമെന്ന് സി.പിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തന്റെ അമ്മാവന്‍ കൂടിയായ ജയചന്ദ്രന്‍ നായര്‍ തനിക്കും മറ്റും ലോകകാര്യങ്ങള്‍ അറിയാന്‍ പഴയകാലത്തെ ഗൂഗിള്‍ ആയി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ബി.ജെ.പി നേതാവ് എം.എസ്.കുമാര്‍ അനുസ്മരിച്ചു.
സാഹിത്യത്തിലെ വടക്കന്‍ കളരിയെന്നും തെക്കന്‍ കളരിയെന്നും രണ്ടു കളരികളുണ്ടായിരുന്നതില്‍ എം.ടി വാസുദേവന്‍ നായര്‍ വടക്കന്‍ കളരിയെയും എസ്.ജയചന്ദ്രന്‍ നായര്‍ തെക്കന്‍ കരളരിയെയും നയിച്ചതായി പ്രശസ്ത നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ.പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്പിച്ചത് ജയചന്ദ്രന്‍ നായര്‍ ആയിരുന്നു.
സി.അനൂപ്, ജോര്‍ജ് കുട്ടി തുടങ്ങിയവരും പ്രസംഗിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എം.രാധാകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഫോട്ടോ:പ്രസ് ക്ലബ് സംഘടിപ്പിച്ച എസ്.ജയചന്ദ്രൻ നായർ അനുസ്മരണ യോഗത്തിൽ സംവിധായകൻ ഷാജി എൻ.കരുൺ സംസാരിക്കുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സി.അനൂപ്, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ , എം.വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, ജോർജ് ഓണക്കൂർ, എം.എസ്.കുമാർ, ഡോ. പി.കെ.രാജശേഖരൻ, പന്തളം സുധാകരൻ എന്നിവർ സമീപം
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.