തിരുവനന്തപുരം:തദ്ദേശ വകുപ്പിലെ ഏകീകരണത്തെ തുടര്‍ന്ന് വാനിഷിംഗ് കാറ്റഗറിയായി തീര്‍ന്ന കേരളത്തിലെ 1600 ല്‍ അധികം വരുന്ന വില്ലേജ് എക്റ്റന്‍ഷന്‍ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട റൂറല്‍ ഡയറക്ടറുടെ ഒക്ടോബര്‍ 30 ലെ വിവാദ ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചചന്ദ്രന് കല്ലിംഗലും ആവശ്യപ്പെട്ടു. ഉപതെരെഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന ഘട്ടത്തില്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്ന ഉത്തരവ് ഏകപക്ഷീയമായി പുറപ്പെടുവിച്ചത് സംശയാസ്പദമാണ്. ഉത്തരവ് വേണ്ടത്ര അവധാനതയില്ലാതെയാണ് പുറപ്പെടുവിച്ചതെന്നതു കൊണ്ടാണ് ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ നിര്‍ദ്ദേശം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പുറപ്പെടുവിച്ചത്. അതും ചട്ടങ്ങള്‍ക്ക് വിരുദ്ധവും ജീവനക്കാരുടെ അഭിപ്രായം പരിഗണികാത്തതുമാണ്. സര്‍വ്വീസ് മേഖലയില്‍ നടത്തുന്ന പുതിയ ഏതു പരിഷ്ക്കാരവും ഏകപക്ഷീയമാകരുത്. ചര്‍ച്ചകള്‍ക്ക് ഇടം നല്‍കണം. സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസ് കവാടത്തില്‍ ആയിരത്തിലധികം വി.ഇ.ഒമാര്‍ പങ്കെടുത്ത് ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്കിയ ഉറപ്പ്. ആ ഉറപ്പ് പാലിക്കുന്നതു വരെ ഹാജര്‍ രേഖപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കങ്ങളില്‍പ്പെടുത്തി സര്‍വ്വീസ് മേഖലയെ കലുഷിതമാക്കരുത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം ഒപ്പിടാതെ പഴയ സ്ഥിതിയില്‍ ഹാജര്‍ രേഖപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. അതു പ്രതിഷേധത്തിന്റെ ഭാഗമായി തുടരുകയാണ്. ആ പ്രതിഷേധ സമരത്തിന് ജോയിന്റ് കൗണ്‍സില്‍ പിന്തുണ ഉണ്ടാവും. പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. അത്തരം പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ടി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനവും നല്കി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.