
*ശമ്പളം മുടക്കി ആനുകൂല്യം നിഷേധിക്കാൻ സർക്കാർ ശ്രമിക്കുന്നു: ചവറ ജയകുമാർ*
കഴിഞ്ഞ 9 വർഷമായി ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തിട്ട് ഇപ്പോൾ ശമ്പളം കൂടി നിഷേധിക്കുന്ന നയവുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ആരോപിച്ചു.
വനിതാ ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ്, ഐ.സി.പി.എസ് ജീവനക്കാരുടെ ശമ്പളം നിഷേധിച്ചതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
1276 ജീവനക്കാർക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം നിഷേധിക്ക പ്പെട്ടത്.സംസ്ഥാന ബഡ്ജറ്റിൽ ശമ്പളം നൽകുന്നതിനുള്ള തുക വകയിരുത്താത്തതാണ് കാരണം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശമ്പള തുക വിതരണം ചെയ്യുന്നതിന് ഇപ്പോൾ അഡീഷണൽ ഓതറൈസേഷൻ നൽകി. വരുന്ന മാസങ്ങളിൽ ശമ്പളം വീണ്ടും മുടങ്ങും.ശമ്പളയിനത്തിൽ ബഡ്ജറ്റിൽ ഒരു രൂപ പോലും നീക്കിവയ്ക്കാൻ ഇപ്പോഴും സർക്കാർ തയ്യാറാകുന്നില്ല.
ശമ്പളം മുടക്കുമ്പോൾ മറ്റ് ആനുകൂല്യങ്ങൾക്കായി സമരം ചെയ്യാതെ ശമ്പളമെങ്കിലും ലഭിച്ചാൽ മതിയെന്ന അവസ്ഥയിലേക്ക് ജീവനക്കാരെ തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രക്ഷോഭങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഫലമായി ശമ്പളം അനുവദിച്ച് നൽകുന്നതിന് ഉത്തരവായിട്ടുണ്ട്. എന്നാൽ മൂന്ന് മാസത്തേക്ക് മാത്രം അഡീഷണൽ ഓതറൈസേഷൻ അനുവദിച്ച് കൊണ്ടുള്ള ഈ ഉത്തരവും ആശങ്ക ജനിപ്പിക്കുന്നതാണ്. മൂന്ന് മാസത്തിന് ശേഷം ജീവനക്കാർ വീണ്ടും സമരവുമായി ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടും.
ശമ്പള വിതരണം തടസ്സപ്പെടാതിരിക്കുന്നതിന് കൃത്യമായ ബഡ്ജറ്റ് വിഹിതം അനുവദിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ഇത്തരത്തിൽ ഇടപെടലുകൾ നടത്താതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ചു.
ആർ.എസ്. പ്രശാന്ത്കുമാർ, മോബിഷ് പി.തോമസ്, ഷൈജി ഷൈൻ, അരുൺ ജി. ദാസ്, ഹരികുമാർ, ബി.എൻ .ഷൈൻകുമാർ, എൻ.ആർ.ഷിബി, അനൂജ് , സമീർ, റെനി രാജ്, ജ്യോതിഷ് , ബാലു പവിത്രൻ,ജയകൃഷൻ, സുധീഷ് കുമാർ, വിൻസ്റ്റൺ, സുജിത്ത്, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.